മധ്യപ്രദേശിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി . സംസ്ഥാനത്ത് സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയിനില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
പൊള്ളയായ വാഗ്ദാനങ്ങള്‍ താന്‍ നല്‍കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയാല്‍ 10 ദിവസത്തിനകം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി കര്‍ഷകരുടെ കടം എഴുതിത്തള്ളും. ആ മുഖ്യമന്ത്രി അതിന് വിസമ്മതിച്ചാല്‍ പാര്‍ട്ടിയുടെ മറ്റൊരു മുഖ്യമന്ത്രി എത്തും കടങ്ങള്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
പഞ്ചായത്തി രാജ് അവസാനിപ്പിച്ചു, ജമ്മു-കശ്മീര്‍ കത്തിച്ചു, തീവ്രവാദികള്‍ക്കായി വാതിലുകള്‍ തുറന്നിട്ടു, ഇതൊക്കെയല്ലാതെ രാജ്യം കാക്കുന്ന സായുധ സേനയ്ക്കായി എന്താണ് ചെയ്തതെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ചോദിച്ചു.
കള്ളത്തരങ്ങള്‍ പുറത്താകുമെന്ന് ഭയപ്പെട്ട്, റഫേല്‍ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ ആരംഭിക്കുകയായിരുന്ന സിബിഐ ഡയറക്ടറെ, അര്‍ദ്ധരാത്രിയില്‍ തന്നെ മാറ്റി. കാരണം അന്വേഷണം ആരംഭിച്ചാല്‍ ‘കാവല്‍ക്കാരനാണ് കള്ളനെന്ന്’ രാജ്യത്തെ ജനങ്ങള്‍ മനസ്സിലാക്കും എന്ന് അവര്‍ ഭയപ്പെടുന്നു. കുംഭ മേളയില്‍ അഴിമതി നടന്നുവെന്നും അതിന്മേല്‍ ഒരു സിബിഐ അന്വേഷണം വേണമെന്നും പലരും ആവശ്യപ്പെടുന്നു. എന്നാല്‍ ഡയറക്ടര്‍ പോലും അര്‍ദ്ധരാത്രിയില്‍ മാറ്റപ്പെടുന്ന സിബിഐ എങ്ങനെയാണ് ഇങ്ങനെ ഉള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
LIVE: People of Ujjain have gathered in large numbers to listen to Shri @RahulGandhi. #MalwaWithCongress https://t.co/eUZb4PwBpC
— Congress (@INCIndia) October 29, 2018
ഉജ്ജയിനില്‍ വൈദ്യുതി ബില്ലടയ്ക്കാതെ തുക ഒരു ലക്ഷത്തോളമായപ്പോള്‍ ഉപഭോക്താവായ സ്ത്രീയെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. അതേസമയം, വിജയ് മല്യയെ പോലെ 9,000 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടപടി ഒന്നും തന്നെ സ്വീകരിക്കുന്നുമില്ല. ഈ ഇരട്ടത്താപ്പാണ് ബിജെപി സര്‍ക്കാരിന്‍റെ മുഖമുദ്ര. ധര്‍മ്മത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഇവരുടെ മതം തന്നെ അഴിമതിയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
വന്‍ ജനാവലിയാണ് ഉജ്ജയിനില്‍ രാഹുല്‍ ഗാന്ധിയ്ക്ക് സ്നേഹോഷ്മളമായ വരവേല്‍പ് നല്‍കിയത്.
മഹാകാളേശ്വേര്‍ ക്ഷേത്ര ദര്‍ശനത്തോടെയായിരുന്നു രാഹുല്‍ഗാന്ധി ആദ്യ ദിവസത്തെ പരിപാടികള്‍ ആരംഭിച്ചത്.കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ക്ഷേത്രദര്‍ശനം നടത്തി.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മധ്യപ്രദേശില്‍ എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. മാള്‍വാ – നിമാര്‍ മേഖലകളും അദ്ദേഹം സന്ദര്‍ശിക്കും. ഝാബുവ, ഇന്‍ഡോര്‍, ധാര്‍, ഖാര്‍ഗാവ്, മോവ് എന്നിവിടങ്ങളിലെ റാലിക്കും പൊതുസമ്മേളനങ്ങള്‍ക്കും പുറമേ ഇന്‍ഡോറില്‍ റോഡ്ഷോയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.