വയനാട് യാത്രാ നിരോധനം : സമരം ശക്തം; രാഹുല്‍ ഗാന്ധി നാളെ സമരപ്പന്തലിലെത്തും

Jaihind Webdesk
Thursday, October 3, 2019

ദേശീയപാത 766 ൽ പൂർണമായും യാത്രാ നിരോധനം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ വയനാട്ടിൽ സമരം ശക്തമാകുന്നു. ബത്തേരിയിൽ യൂത്ത് കോൺഗ്രസ് ഉൾപ്പടെയുള്ള യുവജന കൂട്ടായ്മകൾ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക്. സമരത്തിന് പിന്തുണറുമായി കെ.പി.സി.സി മുൻ പ്രസിഡന്‍റ് വി.എം സുധീരൻ ഇന്ന് ബത്തേരിയിലെത്തും. ഇന്ന് കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധി എം.പി സമരത്തിന് ഐക്യദാർഢ്യവുമായി നാളെ വയനാട്ടിലെത്തും.

പത്ത് വർഷമായി രാത്രിയാത്രാ നിരോധനം തുടരുന്നവ വയനാട് കൊല്ലഗൽ ദേശീയ പാതയിൽ പകൽ സമയവും നിയന്ത്രണം കൊണ്ട് വരാൻ സുപ്രീം കോടതി കേന്ദ്ര സർക്കാറിനോട് അഭിപ്രായം തേടിയിരിക്കുന്ന പശ്ചാത്തലത്തിലാണ് വയനാട്ടിൽ സമരം ശക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്. സമരം ഒമ്പതാം ദിവസവും കരുത്തോടെതുടരുകയാണ്. രാഹുൽ ഗാന്ധി എം.പിയും നാളെ വയനാട്ടിൽ എത്തുമെന്നറിഞ്ഞതോടെ നിരാഹാര സമരം കിടക്കുന്നവർക്ക് ഊർജം ഇരട്ടിയായി. രാഹുൽ ഗാന്ധിയിൽ തങ്ങൾക്ക് വിശ്വാസം ഉണ്ടെന്നും അദ്ദേഹം വരുന്നതോടെ സമരത്തിന് ദേശീയ ശ്രദ്ധ ലഭിക്കുമെന്നും സമരക്കാർ പറഞ്ഞു.

വയനാട് വെള്ളിയാഴ്ച വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി 9 മണിയോടെ ബത്തേരിയിലെ സമരപന്തലിൽ എത്തും. തുടർന്ന് കലക്ടറേറ്റിൽ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ജില്ലാ വികസ സമിതി യോഗവും ചേരുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ വലിയ പ്രതീക്ഷയോടെയാണ് വയനാടൻ ജനത നോക്കിക്കാണുന്നത്.