കോണ്‍‌ഗ്രസ് അധികാരത്തിലെത്തിയാല്‍ മിനിമം വരുമാന പദ്ധതി നടപ്പാക്കും : രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, March 25, 2019

Rahul-Gandhi

കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ രാജ്യത്തെ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പ്രതിവര്‍ഷം ചുരുങ്ങിയത് 72,000 രൂപ ഉറപ്പാക്കുന്ന മിനിമം വരുമാന പദ്ധതി നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനസംഖ്യയുടെ ഇരുപത് ശതമാനത്തിന് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

മിനിമം വരുമാന പദ്ധതി കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തും. ഇതിന്‍റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തതായും സാമ്പത്തികമായ വരുംവരായ്കകള്‍ പഠന വിധേയമാക്കിയതായും രാഹുല്‍ പറഞ്ഞു. സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയത്. ലോകത്ത് ഒരു രാജ്യത്തും ഇത്തരമൊരു പദ്ധതി നിലവില്‍ ഇല്ലെന്ന് രാഹുൽഗാന്ധി പറഞ്ഞു.

അഞ്ചു കോടി കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. ഇരുപത്തിയഞ്ചു കോടി ആളുകള്‍ പദ്ധതിയുടെ കീഴില്‍ വരും. ഓരോ കുടുംബത്തിനും പ്രതിമാസം പന്ത്രണ്ടായിരം രൂപ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാസം പന്ത്രണ്ടായിരം രൂപ വരുമാനമില്ലാത്ത കുടുംബത്തിന് അതിനാവശ്യമായ തുക നേരിട്ട് അക്കൗണ്ടിലേക്കു നല്‍കുമെന്ന് പദ്ധതിയെക്കുറിച്ച്‌ വിശദീകരിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു.