2018 ലെ പടനായകന്‍ രാഹുല്‍ ഗാന്ധി

B.S. Shiju
Monday, December 31, 2018

Rahul-Gandhi

2018 ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പടയോട്ടമായിരുന്നു അക്ഷരാര്‍ഥത്തില്‍. ഭിന്നിച്ചുനില്‍ക്കുന്ന പ്രതിപക്ഷത്തിന്‍റെ ആശയും ആവേശവുമാകാന്‍ രാഹുല്‍ ഗാന്ധിയുടെ സംഘടനാപാടവത്തിന് കഴിഞ്ഞു. ഈ പ്രവര്‍ത്തനശൈലി 2019ല്‍ നടക്കുന്ന ലോക്സഭാതെരഞ്ഞെടുപ്പില്‍ അടിസ്ഥാനശിലയായി മാറും. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് ശേഷം ശക്തമായ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പിന് രാഹുല്‍ കൈക്കരുക്ക് പകര്‍ന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മുദ്രാവാക്യം ചുരുട്ടിയെറിഞ്ഞുകൊണ്ടാണ് ബി.ജെ.പിയുടെ കുത്തകസംസ്ഥാനങ്ങളായ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചത്. കര്‍ണാടകയിലും ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന് മതേതരത്വത്തിന്‍റെ മുഖം നല്‍കി കോണ്‍ഗ്രസിനെക്കാള്‍ ചെറിയ കക്ഷിയായ, അതായത് പകുതി അംഗബലം മാത്രമുള്ള ജെ.ഡി.എസിന് മുഖ്യമന്ത്രിപദം നല്‍കിക്കൊണ്ടുള്ള വിട്ടുവീഴ്ച്ചയായിരുന്നു രാഹുല്‍ സ്വീകരിച്ചത്. മുമ്പ് ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കഴിയാതെ പോയ മുന്‍അനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് വളരെ പെട്ടെന്ന് തന്നെയായിരുന്നു കര്‍ണാടകയില്‍ സഖ്യം രൂപീകരിച്ചത്.

ശക്തമായ വെല്ലുവിളികള്‍ അതിജീവിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി കര്‍മരംഗത്ത് തന്‍റെ ശക്തമായ സാന്നിധ്യം ഉറപ്പാക്കിയത്. ഒരു ഭാഗത്ത് ബി.ജെ.പിയും സംഘ്പരിവാര്‍ ശക്തികളും മോദിയുടെ അധികാരവും കോര്‍പറേറ്റ് മാധ്യമങ്ങളുടെ ശക്തമായ എതിര്‍പ്പിനെയും മറികടന്നുകൊണ്ടാണ് രാഹുല്‍ തന്‍റെ പടയോട്ടം ആരംഭിച്ചത്.

റഫാല്‍ ഇടപാടിലെ അഴിമതി ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചുകൊണ്ട് രാഹുല്‍ നടത്തിയ പ്രവര്‍ത്തനം ഇന്നും അന്തരീക്ഷത്തില്‍ അലയടിച്ചുനില്‍ക്കുകയാണ്. മോദി സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളായ നോട്ട് നിരോധനത്തിനെതിരെയും അപരിഷ്കൃതമായി ജി.എസ്.ടി നടപ്പാക്കിയതും ചെറുകിട വ്യാപാര മേഖലകളുടെയും കാര്‍ഷിക മേഖലയുടെയും തകര്‍ച്ചയെയും ഉയര്‍ത്തിക്കാട്ടി രാഹുല്‍ മോദി സര്‍ക്കാരിനെതിരെ നടത്തിയ രൂക്ഷമായ പ്രക്ഷോഭം ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞു എന്നതാണ് 2018 ന്‍റെ കലണ്ടര്‍ വര്‍ഷം അവസാനിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്.

പാര്‍ട്ടിയിലെ രണ്ട് തലമുറകളെ ഒന്നിച്ചു കൊണ്ടുപോകുക എന്ന വലിയ ഉത്തരവാദിത്വം പക്വതയോടെ തന്നെയാണ് രാഹുല്‍ ഗാന്ധി നടപ്പാക്കിയത്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ അതേ സമീപനമാണ് അധികാരം ലഭിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും തെരഞ്ഞെടുക്കുന്നതിലും രാഹുല്‍ ഗാന്ധി സ്വീകരിച്ചത്.

പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടികളായ മമതയും മായാവതിയും ഇതുവരെ കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കാന്‍ തയാറയിട്ടില്ലെങ്കിലും ഇവര്‍ ബിജെപി സഖ്യത്തിലേക്ക് പോകില്ല എന്നത് ആശ്വാസകരമാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ബി.എസ്.പി അംഗങ്ങള്‍ സര്‍ക്കാറിന് പിന്തുണയര്‍പ്പിച്ചത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ഇതിന് രാഷ്ട്രീയമായ തന്ത്രങ്ങള്‍ മെനഞ്ഞതും രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയ ധിഷണയാണ്.

Opposition-Meeting

കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കാന്‍ മടിച്ചു നിന്ന ചെറിയ കക്ഷികളെയെല്ലാം  വര്‍ഷാവസാനത്തോടെ തങ്ങള്‍ക്ക് പിന്നില്‍ അണിനിരത്താന്‍ രാഹുലിന് കഴിഞ്ഞു. എന്‍ഡിഎ മുന്നണിയില്‍ നിന്ന് ടിഡിപിയും ആര്‍എല്‍എസ്പിയും പ്രതിപക്ഷത്തേക്ക് കൂടുമാറിയതും കൂടുതല്‍ കക്ഷികള്‍ കോണ്‍ഗ്രസിന് ഒപ്പം ചേരാന്‍ തയാറാകുന്നതും രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പക്വതയുടെ സമീപനത്തിന്‍റെ ഫലമാണ്.

2018ല്‍ രാജ്യമൊട്ടാകെ നടത്തിയ സന്ദര്‍ശനങ്ങളിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അക്ഷരാര്‍ഥത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ ഉണര്‍വും കരുത്തും നല്‍കുകയായിരുന്നു.  ഇതിനായി പതിനേഴ് സംസ്ഥാനങ്ങളിലായി അമ്പതോളം സന്ദര്‍ശനങ്ങള്‍ രാഹുല്‍ ഗാന്ധി നടത്തി. കര്‍ഷകരുടേയും യുവാക്കളുടേയും പ്രശ്‌നങ്ങള്‍ക്കായിരുന്നു രാഹുല്‍ഗാന്ധി ഇവിടെ പ്രത്യേക ശ്രദ്ധ നല്‍കിയത്.

പാര്‍ലമെന്‍റിന് അകത്തും പുറത്തും ക്ഷോഭിക്കുന്ന ഇന്ത്യന്‍ യുവത്വത്തിന്‍റെ പ്രതീകമായിരുന്നു രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിനെതിരെയാ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രകടനം ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. മോദിക്കെതിരെ ആഞ്ഞടിച്ച ശേഷം പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിനടുത്തേക്ക് പോയി അദ്ദേഹത്തെ അലിംഗനം ചെയ്തത് രാഷ്ട്രീയവിനയത്തിന്‍റെ മറ്റൊരു മാതൃക കാണിച്ചു രാഹുല്‍ ഗാന്ധി.

പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി നടത്തിയ സന്ദര്‍ശനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഫലം ലഭിച്ചതാണ് മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും കോണ്‍ഗ്രസിന്‍റെ കൈകളിലേക്ക് തിരിച്ചുവന്നത്. 2019 തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പിക്കും. എന്നാല്‍ ആരെയും ഭാരതത്തില്‍ നിന്ന് മുക്തമാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും വ്യത്യസ്ത അഭിപ്രായമുള്ളവരെ ഇല്ലാതാക്കലല്ല കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പിയുടെ മുദ്രാവാക്യത്തിന് നല്‍കിയ പക്വമായ മറുപടി കൂടിയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്.

പൊരുതിനേടിയതാണ് രാഹുലിന്‍റെ ഈ വിജയം. 2019ന്‍റെ കലണ്ടര്‍ വര്‍ഷം വന്നുചേരുമ്പോള്‍ രാഹുല്‍ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രീയ ഭാഗധേയം നിര്‍ണയിക്കുമെന്നാണ് 2018 നല്‍കുന്ന പാഠങ്ങളും അനുഭങ്ങളും.