പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത്‌ലാലിന്‍റെ വീട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. കുടുംബത്തിന് നീതി ലഭ്യമാകാൻ ഏത് അറ്റം വരെയും പോകുമെന്ന് അദ്ദേഹം കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി.
കൃപേഷിന്‍റെ വീട് സന്ദർശിച്ച ശേഷം 2.50 ഓടു കൂടിയാണ് കല്ല്യോട്ടെ ശരത്‌ലാലിന്‍റെ വസതിയിലേക്ക് രാഹുൽ ഗാന്ധിയെത്തിയത്. ശരത്‌ലാലിന്‍റെ വീട്ടിൽ വലിയ ജനാവലി തന്നെ ഉണ്ടായിരുന്നു. മകനെ നഷ്ടപ്പെട്ട കുടുംബത്തെ അദ്ദേഹം ആശ്വസിപ്പിച്ചു. വികാര നിർഭര രംഗങ്ങൾക്ക് നൂറ് കണക്കിനാളുകൾ സാക്ഷ്യം വഹിച്ചു.
കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പു നൽകി. സഹോദരിയുടെ തുടർപഠനം ഉറപ്പാക്കാനുള്ള നടപടികൾ എ.ഐ.സി.സി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് ശരത് ലാലിന്‍റെ പിതാവ് സത്യനാരായണൻ.
രാഹുൽ ഗാന്ധിക്കൊപ്പം കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുൾ വാസ്‌നിക്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരും ഒപ്പം ഉണ്ടായിരുന്നു.