രാഹുൽ ഗാന്ധി ബർലിനിൽ; വിദേശ ഇന്ത്യക്കാർ കേരളത്തെ സഹായിക്കാൻ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം

Jaihind Webdesk
Friday, August 24, 2018

ജർമൻ സർക്കാരിന്‍റെ അതിഥിയായി രണ്ടുദിന സന്ദർശനത്തിനായി ജർമനിയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബർലിനിൽ ഇന്ത്യക്കാരുമായുള്ള സംവാദത്തിൽ പങ്കെടുത്തു. വൻ സ്വീകരണമാണ് ബർലിനിൽ രാഹുലിന് ലഭിച്ചത്.

ഹാംബർഗിൽ വിമാനമിറങ്ങിയ രാഹുൽ വൈകുന്നേരം ഇന്ത്യക്കാരുമായി സംവാദിച്ചു. രാഷ്ട്രീയം, ജിഎസ്ടി, അടുത്ത പാർലമെൻറ് തെരഞ്ഞെടുപ്പ്, കേരളത്തിലെ മഹാ പ്രളയം തുടങ്ങിയ വിഷയങ്ങൾ രാഹുൽ ചർച്ച ചെയ്തു. ഇന്ത്യയെ മോദി പുറകൊട്ടടിക്കുകയാണെന്നും ആൾക്കൂട്ട കൊലപാതകവും നോട്ട് നിരോധനവും മറ്റു രാജ്യങ്ങൾക്കിടയിലെ ഇന്ത്യയുടെ തിളക്കം നഷ്ടപ്പെടുത്തി എന്നും രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണത്തിൽ വർധനവു മാത്രമാണ് മോദിയുടെ ഭരണനേട്ടം എന്നും രാഹുൽ കുറ്റപ്പെടുത്തി. ജിഎസ്ടി നടപ്പാക്കിയത് വഴി സാധാരണക്കാർ വീണ്ടും പട്ടിണിക്കാരായി തീർന്നെന്നും അദേഹം പറഞ്ഞു. കേരളത്തിലെ മഹാ പ്രളയത്തിൽ സഹതപിച്ച രാഹുൽ വിദേശത്ത് ഉള്ള ഇന്ത്യക്കാർ കേരളത്തെ സഹായിക്കാൻ മുന്നിട്ടിറങ്ങണമെന്നും ആഹ്വാനം ചെയ്തു. ഒട്ടനവധി ഇന്ത്യാക്കാർ രാഹുലിനെ സ്വീകരിക്കാൻ എത്തിയിരുന്നു. ഹാംബർഗിലെ കാമ്പ്‌നാഗേൽ തീയേറ്ററിലായിരുന്നു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം.

ബർലിനിൽ മാരി ടിം ഹോട്ടലിൽ നടക്കുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻറെ കോൺഫറൻസിൽ മുഖ്യാതിഥിയായി രാഹുൽ പങ്കെടുക്കും. ഐഒസി ചെയർമാൻ സാം പിത്രോഡ, മഹാറാണി പ്രെനീട് കൗർ, സെക്രട്ടറി ഹിമൻഷ വ്യാസ് തുടങ്ങിയവർ കോൺഫറൻസിൽ സംബന്ധിക്കും. ചാൻസലർ ആംഗല മെർക്കലുമായി കൂടിക്കാഴ്ച നടത്തുന്ന രാഹുൽ ജർമൻ പാർലമെൻറ് സന്ദർശിക്കും. ജർമൻ സന്ദർശനത്തിനുശേഷം രണ്ടുദിന പരിപാടികൾക്കായി രാഹുൽ ലണ്ടനിലേക്ക് പോകും.