സിബിഐ അധികാരവിവാദം : രാജ്യവ്യാപക പ്രക്ഷോഭവുമായി കോൺഗ്രസ്

Jaihind Webdesk
Friday, October 26, 2018

സിബിഐ അധികാരവിവാദത്തിൽ രാജ്യവ്യാപക പ്രക്ഷോഭവുമായി കോൺഗ്രസ്. രാജ്യത്തെ എല്ലാ സി ബി ഐ ഓഫിസുകളിലേയ്ക്കും കോൺഗ്രസ് മാർച്ച് നടത്തി. ഡൽഹിയിൽ നടന്ന മാർച്ചിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി നേതൃത്വം നൽകി. പ്രധാനമന്ത്രി കള്ളനാണെന്ന് ആവർത്തിച്ച കോൺഗ്രസ് അധ്യക്ഷൻ രാജ്യത്തിന്‍റെ മുപ്പതിനായിരം കോടി മോദി അംബാനിക്ക് നൽകിയെന്നും ആരോപിച്ചു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ സിപിഎം അടക്കമുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികളും ഉണ്ടായിരുന്നു. റഫേല്‍ ഇടപാടിൽ നടക്കുന്ന അന്വേഷണത്തിന് തടയിടാനാണ് സിബിഐ ഡയറക്ടറെ അര്‍ധരാത്രി തന്നെ ചുമതലകളില്‍ നിന്ന് നീക്കിയിരിക്കുന്നതെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇത്തരത്തിലുള്ള നടപടികള്‍ അത്യന്തം ലജ്ജാവഹവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ എല്ലാ സിബിഐ ഓഫിസുകള്‍ക്കു മുമ്പിലും വെള്ളിയാഴ്ച രാവിലെ 10.30 മുതൽ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയതിന് പൊലീസ് അതിക്രമം ഉണ്ടായതിനെ തുടര്‍ സ്ഥലത്ത് സംഘര്‍ഷവാസ്ഥയുണ്ടായി. പോലീസ് അറസ്റ്റ് ചെയ്‍ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പിന്നീട് വിട്ടയച്ചു.