മല്യയും ജെയ്റ്റ്ലിയും തമ്മില്‍ അവിശുദ്ധബന്ധമെന്ന് രാഹുല്‍ ഗാന്ധി

Thursday, September 13, 2018

ന്യൂഡല്‍ഹി: വിജയ് മല്യ വിഷയത്തില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും മല്യയും തമ്മില്‍ അവിശുദ്ധബന്ധമെന്ന് രാഹുല്‍ ഗാന്ധി.

എന്ത് കാര്യത്തിനും ബ്ലോഗെഴുതുന്ന ജെയ്റ്റ്ലി മല്യയെ കണ്ടത് എന്തു കൊണ്ട് എഴുതിയില്ലെന്ന് അദ്ദേഹം ചോദിച്ചു. 15 മിനിറ്റോളം ഇരുവരും പാർലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ സംസാരിച്ചു. കൂടിക്കാഴ്ചയ്ക്ക് പി.എല്‍. പുനിയ സാക്ഷിയാണെന്നും രാഹുല്‍ പറഞ്ഞു.

ജെയ്റ്റ്ലി പറയുന്നത് നുണയാണെന്നും സെൻട്രൽ ഹാളിലെ സി.സി ടി.വി പരിശോധിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

കൂടിക്കാഴ്ച സംബന്ധിച്ച് എന്തുകൊണ്ട് സി.ബി.ഐയെ അറിയിക്കാന്‍ ജെയ്റ്റ്ലി തയാറായില്ല?  നടപടിയെടുക്കേണ്ട ധനമന്ത്രി, മല്യയ്ക്ക് രാജ്യം വിടാൻ പച്ചക്കൊടി കാട്ടുകയാണുണ്ടായത്. രാജ്യത്തോട് അരുണ്‍ ജെയ്റ്റ്ലി വിശദീകരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ കള്ളം പറയുകയാണെന്നും പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.