മനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകാനുള്ള പോലീസ് ശ്രമം പാളി; കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറക്കി

Jaihind Webdesk
Sunday, December 23, 2018

പമ്പയില്‍ നാടകീയ രംഗങ്ങള്‍. തമിഴ്നാട്ടില്‍ നിന്നും എത്തിയ മനിതി സംഘത്തിലെ യുവതികളെ പോലീസ് സംരക്ഷണത്തില്‍ സന്നിധാനത്തേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും  ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഭക്തര്‍ രംഗത്തെത്തിയതോടെ പമ്പയില്‍ സംഘര്‍ഷാവസ്ഥ സംജാതമായി. പ്രതിഷേധം കനത്തതിനെ തുടര്‍ന്ന് മനിതി സംഘത്തെ പോലീസ് തിരിച്ചിറക്കുകയായിരുന്നു.

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതിനോടൊപ്പം തന്നെ മനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകാനും പോലീസ് ശ്രമിച്ചതോടെ ഭക്തര്‍ കൂട്ടത്തോടെ മനിതി സംഘത്തിന് നേരെ തിരിയുകയായിരുന്നു. തുടര്‍ന്ന് പോലീസും 11 അംഗ മനിതി സംഘവും ഗാര്‍ഡ് റൂമിലേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് മനിതി സംഘത്തെ പമ്പയിലെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് പോലീസ് സംരക്ഷണയില്‍ മാറ്റുകയായിരുന്നു.

നേരത്തെ പിരിഞ്ഞുപോകണമെന്ന പോലീസ് മുന്നറിയിപ്പ് പ്രതിഷേധക്കാര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റിനെതിരെയും ശക്തമായ പ്രതിഷേധമാണ് പമ്പയില്‍ ഉയരുന്നത്.

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍