രക്തപരിശോധനക്കെത്തിയ കുട്ടിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ്; സംഭവം അങ്കമാലി താലൂക്ക് ആശുപത്രിയില്‍

Jaihind Webdesk
Saturday, August 12, 2023

 

കൊച്ചി: പനിയെ തുര്‍ന്ന് രക്തപരിശോധനക്കെത്തിയ ഏഴു വയസുകാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ് നല്‍കിയതായി പരാതി. എറണാകുളം അങ്കമാലി താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

പനി ബാധിച്ചതിനെ തുടർന്നാണ് കുട്ടി ആശുപത്രിയിൽ ചികിത്സക്കെത്തിയത്. തുടര്‍ന്ന് രക്തപരിശോധനയ്ക്ക് കുട്ടിയുടെ അമ്മ ഒ.പി. ടിക്കറ്റെടുക്കാൻ പോയ സമയത്താണ് നഴ്സ് കുട്ടിയ്ക്ക് കുത്തിവെച്ചത്. അങ്കമാലി കോതകുളങ്ങര സ്വദേശിയായ കുട്ടിക്കാണ് കുത്തിവെപ്പ് മാറി നല്‍കിയത്. അമ്മ കുട്ടിക്കരികിൽ എത്തിയപ്പോഴാണ് കുത്തിവെപ്പ് എടുത്ത വിവരമറിയുന്നത്. അമ്മ കാര്യങ്ങൾ eചാദിച്ചപ്പോൾ പൂച്ച കടിച്ചെന്ന് കുട്ടി പറഞ്ഞതിനാലാണ് കുത്തിവെപ്പെടുത്തതെന്നാണ് നഴ്സ് മറുപടി നൽകിയത്.

രക്ഷിതാവിനോട് ചോദിക്കാതെ കുട്ടിക്ക് കുത്തിവെപ്പെടുത്തതില്‍ നഴ്സിന്‍റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. വിഷയത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. മാറി കുത്തിവെച്ചതിനാല്‍ കുട്ടി ഇപ്പോള്‍നിരീക്ഷണത്തിലാണ്. പനിയുണ്ടെങ്കിലും കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും നിലവിലില്ല. വിഷയം പുറത്തറിഞ്ഞതോടെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. അലംഭാവവും അശ്രദ്ധയും അങ്കമാലി താലൂക്ക് ആശുപത്രിയില്‍ സ്ഥിരം പരാതിയാണെന്ന് നഗരസഭ കൗണ്‍സില്‍ ആരോപിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി.