‘മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിച്ചത്’; അതൃപ്തി തുറന്ന് പറഞ്ഞ് ആര്‍. ശ്രീലേഖ

Jaihind News Bureau
Monday, January 5, 2026

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതിനെ തുടര്‍ന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മാത്രം മത്സരിക്കാനല്ല മേയറാക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് താന്‍ തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയതെന്നും ആര്‍. ശ്രീലേഖ പറഞ്ഞു.

തന്നെ മത്സരിപ്പിക്കാന്‍ നേതൃത്വം സമീപിച്ചപ്പോള്‍ മേയര്‍ സ്ഥാനത്തിന് ഉറപ്പുനല്‍കിയിരുന്നുവെന്നും അതിനാലാണ് ആദ്യം മത്സരിക്കാന്‍ താല്‍പര്യമില്ലായിരുന്നിട്ടും സമ്മതം നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി. അന്നത്തെ സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ മുഖമായി തന്നെ ഉയര്‍ത്തിക്കാട്ടിയിരുന്നുവെന്നും ചാനല്‍ ചര്‍ച്ചകളിലും മുന്നണി ചുമതലകളിലും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത് താനാണെന്നും ആര്‍. ശ്രീലേഖ പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റെന്ന നിലയില്‍ നിരവധി സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാനുള്ള ഉത്തരവാദിത്തവും തനിക്കുണ്ടായിരുന്നുവെന്നും എന്നാല്‍ അവസാന ഘട്ടത്തില്‍ അപ്രതീക്ഷിതമായി കാര്യങ്ങള്‍ മാറിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. മേയര്‍ സ്ഥാനത്തേക്ക് വിവി രാജേഷിനെയും ഡെപ്യൂട്ടി മേയറായി ആശാനാഥിനെയും തിരഞ്ഞെടുത്തത് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലിന്റെ ഭാഗമായിരിക്കാമെന്നാണ് തന്റെ കണക്കുകൂട്ടലെന്നും ആര്‍. ശ്രീലേഖ വ്യക്തമാക്കി.

നേതൃത്വത്തിന്റെ തീരുമാനത്തോട് പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിക്കാനാവില്ലെന്നും തന്നെ വിശ്വസിച്ച് ജയിപ്പിച്ച ജനങ്ങളെ അവഗണിച്ച് ഇറങ്ങിപ്പോകാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനാല്‍ കൗണ്‍സിലറായി അഞ്ച് വര്‍ഷം തുടരാനാണ് തീരുമാനമെടുത്തതെന്നും ആര്‍. ശ്രീലേഖ പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആദ്യമായി ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ മേയര്‍ സ്ഥാനവുമായി ബന്ധപ്പെട്ട അതൃപ്തി പാര്‍ട്ടിക്കുള്ളിലും പുറത്തും ചര്‍ച്ചയായിരുന്നു. മേയറുടെയും ഡെപ്യൂട്ടി മേയറുടെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ആര്‍. ശ്രീലേഖ നേരത്തെ മടങ്ങിയതും ഇതിനുമുമ്പ് വാര്‍ത്തയായിരുന്നു.