നിർമ്മാണ മേഖല പ്രതിസന്ധിയില്‍; ക്വാറി സമരത്തിന് സർക്കാർ എത്രയും വേഗം പരിഹാരം കാണണം: കെ സുധാകരന്‍ എംപി

Jaihind Webdesk
Saturday, April 22, 2023

 

തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ മേഖലയെ അനിശ്ചിതത്തിലേക്ക് തള്ളിവിട്ട പാറ ക്വാറി സമരത്തിന് സർക്കാർ എത്രയും വേഗം പരിഹാരം കാണണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. സംസ്ഥാന സര്‍ക്കാരിന്‍റെ ക്വാറി നയവും പട്ടയ ഭൂമിയിലെ ഖനനം, ഖനന ചട്ടഭേദഗതി, റോയല്‍റ്റി, സെക്യൂരിറ്റി എന്നിവയിലെ വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സമരം. ക്വാറി മേഖലയിലെ സമരം നിര്‍മ്മാണ മേഖലയെ സ്തഭംനത്തിലേക്ക് തള്ളിവിട്ടെന്നും ഇത് സാധാരണക്കാരുടെ ദുരിതം ഇരട്ടിയാക്കിയെന്നും കെ സുധാകരന്‍ എംപി ചൂണ്ടിക്കാട്ടി.

ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ദൂരപരിധി സംബന്ധിച്ച കേസില്‍ സര്‍ക്കാര്‍ നിലപാടിലെ അവ്യക്തത മൂലമാണ് ക്വാറി പ്രവര്‍ത്തനം അവതാളത്തിലായത്. ക്വാറി പ്രവര്‍ത്തനം സാധരണ നിലയിലേക്ക് വന്നില്ലെങ്കില്‍ നിര്‍മ്മാണ മേഖല കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. എത്രയും വേഗം ഇതിന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം മാര്‍ഗം കണ്ടെത്തുന്ന പതിനായിരങ്ങളെ പട്ടിണിയിലേക്കും കടുത്ത ദുരിതത്തിലേക്കും പ്രതിസന്ധിയിലേക്കും നയിക്കുന്ന സാഹചര്യമാണ്. ക്വാറി പ്രശ്നങ്ങളില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും എത്രയും വേഗം പരിഹാരം കാണണമെന്ന് കെപിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

ലെെഫ് പദ്ധതി ഉള്‍പ്പെടെ ചെറിയ നിരക്കില്‍ വീട് എന്ന സ്വപ്നം കണ്ടവർക്ക് തിരിച്ചടിയും കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ക്ക് കനത്ത വിലവര്‍ധനവിനും വഴിവെക്കുന്നതാണ് പാറ ക്വാറി സമരം. കെട്ടിട നിര്‍മ്മാണ മേഖലയിലെ സ്തംഭാനവസ്ഥ മാറ്റി സാധാരണക്കാര്‍ക്ക് ആശ്വാസം കാണാന്‍ സര്‍ക്കാര്‍ മുന്‍കെെ എടുക്കണമെന്നും കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.