യുഡിഎഫിന്റെ നയങ്ങളോട് പി വി അന്‍വര്‍ യോജിക്കണമെന്ന് കെപിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎല്‍എ. അന്‍വര്‍ വ്യക്തമായി ഉത്തരം പറയണം. അന്‍വറിനോടുള്ള നിലപാട് ആലോചിച്ച് എടുത്തതാണെന്നും സണ്ണി ജോസഫ് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. മുന്നണിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ആള്‍ സ്ഥാനാര്‍ത്ഥിയെ തള്ളിപ്പറയരുതെന്നും അന്‍വറിന്റെ ആരോപണങ്ങള്‍ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും അദ്ദേഹം വിശദമാക്കി.
പിണറായി ഭരണത്തിന്റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. അതൊക്കെ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ മാത്രമാണ്. ആര്യാടന്‍ ഷൗക്കത്ത് മികച്ച വിജയം നേടുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിവി അന്‍വര്‍ നിരുപാധിക പിന്തുണ പ്രഖ്യാപിക്കണമെന്നും അതിന് ശേഷം യുഡിഎഫില്‍ സഹകരിപ്പിക്കുന്നതില്‍ തീരുമാനമെടുക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ വ്യക്തമാക്കി.