വരും ദശാബ്ദങ്ങളിൽ രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പുനൽകുന്ന മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് റഷ്യ. അവൻഗാർഡ് എന്നുപേരിട്ടിട്ടുള്ള ഹൈപ്പർസോണിക് മിസൈൽ രാജ്യരക്ഷയ്ക്ക് മുതൽക്കൂട്ടാവുമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ലാദിമിർ പുചിൻ പറഞ്ഞു.
ഭൂഖണ്ഡാന്തര മിസൈൽസംവിധാനമാണ് അവൻഗാർഡ്. 2019-ൽ സൈന്യത്തിന്റെ ഭാഗമാകും. അവൻഗാർഡിനെ ആർക്കും തകർക്കാനാവില്ലെന്നും റഷ്യയ്ക്ക് നൽകുന്ന പുതുവത്സര സമ്മാനമാണിതെന്നും പുചിൻ ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തെക്കൻ റഷ്യയിലെ യൂറാൽ പർവതനിരകളിൽനിന്ന് വിക്ഷേപിച്ച മിസൈൽ 6,000 കിലോമീറ്റർ അകലെ കാംചറ്റ്കയിൽ സ്ഥാപിച്ച ലക്ഷ്യം ഭേദിച്ചു. ശബ്ദത്തേക്കാൾ 20 ഇരട്ടി വേഗത്തിൽ അവൻഗാർഡിന് പറക്കാനാകുമെന്നും മറ്റൊരു രാജ്യത്തിനും ഹൈപ്പർസോണിക് മിസൈലുകളില്ലെന്നും പുചിൻ കൂട്ടിച്ചേർത്തു.