പുതുപ്പള്ളി വിധിയെഴുതി; പുതിയ നായകന്‍ ആരെന്നറിയാന്‍ ഇനി രണ്ടു ദിവസത്തെ കാത്തിരിപ്പ് മാത്രം

Jaihind Webdesk
Tuesday, September 5, 2023

കോട്ടയം/പുതുപ്പള്ളി: പോളിംഗ് ശതമാനം വർധിച്ചതോടെ പുതുപ്പള്ളിയിൽ മുന്നണികൾ ശുഭപ്രതീക്ഷയിലാണ്. ചാണ്ടി ഉമ്മൻ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് തന്നെയാണ് യുഡിഎഫിന്‍റെ ആത്മവിശ്വാസം. അട്ടിമറി പ്രതീക്ഷിക്കുകയാണ് ഇടതുപക്ഷം. അതേസമയം മണ്ഡലത്തിൽ വലിയ മുന്നേറ്റം കാഴ്ചവെക്കാൻ ആവും എന്ന പ്രതീക്ഷയിലാണ് എൻഡിഎ.

26 ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ പ്രചാരണങ്ങൾക്കൊടുവിൽ പുതുപ്പള്ളി വിധിയെഴുതി കഴിഞ്ഞു. എട്ടാം തീയതി രാവിലെ മുതൽ വോട്ടെണ്ണൽ ആരംഭിക്കും. വിവിധ വിഷയങ്ങൾ അലയടിച്ച തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾ മുതൽ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുള്ള ആക്ഷേപങ്ങളും കുടുംബത്തിനെതിരെയുള്ള അപവാദങ്ങളും നേതാക്കൾ തമ്മിലുള്ള വാക്പോരും ആരെ തുണച്ചു എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.

ഉമ്മൻ ചാണ്ടിക്കെതിരെയും കുടുംബത്തിനെതിരെയും ഉള്ള ആക്ഷേപങ്ങളും അപവാദ പ്രചാരണങ്ങളും സിപിഎം തിരഞ്ഞെടുപ്പ് ദിവസവും തുടർന്നു. ഉമ്മൻ ചാണ്ടിയുടെ കല്ലറയെ പോലും അപമാനിക്കുന്ന തരത്തിലേക്ക് സിപിഎം മാറി. ഇത്തരം നിലപാടുകളും സിപിഎമ്മിന് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. വിവാദ വിഷയങ്ങൾ ഒഴിവാക്കി ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാണിച്ചാണ് യുഡിഎഫ് വോട്ട് തേടിയത്. വികസന പ്രശ്നങ്ങൾ ഒന്നും ചർച്ച ചെയ്യാനില്ലാത്ത ഇടതുപക്ഷം അവരുടെ പ്രചരണം വ്യക്തിഹത്യയിൽ ഒതുക്കി. കേന്ദ്രമന്ത്രിമാരെ ഇറക്കി എൻഡിഎയും ഒരുകൈനോക്കാനായി പ്രചാരണ രംഗത്തുണ്ടായിരുന്നു. പുതുപ്പള്ളിയിലെ പുതിയ നായകൻ ആരാണെന്നറിയാൻ ഇനി രണ്ട് ദിവസത്തെ കാത്തിരിപ്പ് മാത്രം.