പത്രിക സമര്‍പ്പണ സമയം അവസാനിച്ചതോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചിത്രം കൂടുതല്‍ വ്യക്തം; 10 സ്ഥാനാര്‍ത്ഥികള്‍; രണ്ടാംഘട്ട പ്രചരണത്തിന് തുടക്കം

Jaihind Webdesk
Friday, August 18, 2023

പുതുപ്പള്ളി: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്‍റെ സമയം അവസാനിച്ചതോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചിത്രം കൂടുതല്‍ വ്യക്തം. യുഡിഎഫ് , എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥികള്‍ കൂടാതെ ഏഴ് സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചത്. ആംആദ്മിയും ആറ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ഇതില്‍പെടും.

യുഡിഎഫിന് വേണ്ടി ചാണ്ടി ഉമ്മനും എൽഡിഎഫിനായി ജെയ്ക് സി തോമസും എൻഡിഎയ്ക്ക് വേണ്ടി ലിജിൻ ലാല്‍ ആംആദ്മിക്കായി ലൂക്ക് തോമസ് തുടങ്ങിയവരാണ് മത്സര രംഗത്തുള്ളത്. 53 വര്‍ഷം തുടര്‍ച്ചയായി ഉമ്മന്‍ചാണ്ടി വിജയിച്ച മണ്ഡലത്തില്‍ രണ്ട് തവണ ജെയ്ക്ക് സി തോമസ് ദയനീയ പരാജയം നേരിട്ടിരുന്നു. ജെയ്ക്ക് സി തോമസിന്‍റെ ഡമ്മിയായി സി പി എം നേതാവ് റെജി സഖറിയയും പത്രിക കഴിഞ്ഞ ദിവസം നൽകിയിട്ടുണ്ട്.

നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നു നടക്കും. വരണാധികാരിയായ ആർ.ഡി.ഒ. വിനോദ്‌രാജിന്റെ ഓഫീസിൽ രാവിലെ 11.00 മണിക്കാണ് സൂക്ഷ്മപരിശോധന. ഓഗസ്റ്റ് 21 ആണ് പത്രിക പിൻവലിക്കാനുള്ള അവസാനതീയതി.

രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതോടെ പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് അങ്കം മുറുകിയിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ പ്രചരണ രംഗത്ത് ബഹുദൂരം മുന്നിലാണ്.
സെപ്റ്റംബര്‍ 5 നാണ് പുതുപ്പള്ളിയില്‍ വോട്ടെടുപ്പ്, സെപ്റ്റംബര്‍ 8ന് വോട്ടെണ്ണല്‍