കൊച്ചി: കശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക് പുല്‍വാമ ആക്രമണത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളില്‍ കേന്ദ്ര സര്‍ക്കാരിന്‍റെയും ബിജെപിയുടെയും മൗനം വിസ്മയകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിന് വേണ്ടി 40 സൈനികരെ കൊല ചെയ്യുന്നതിന് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും കൂട്ടുനിന്നെന്ന ഗുരുതരമായ ആരോപണമാണ് മാലിക് ഉന്നയിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ബിജെപി സര്‍ക്കാര്‍ ഗവര്‍ണറായി നിയമിച്ച ആളാണ് ആരോപണം ഉന്നയിച്ചത്. ആരോപണത്തെ സാധൂകരിച്ച് കരസേന മുന്‍ മേധാവിയും ബിഎസ്എഫ് മേധാവിയും രംഗത്ത് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് അതിതീവ്ര ദേശീയത ആളിക്കത്തിക്കുന്നതിന് വേണ്ടിയുള്ള ക്രൂരകൃത്യമായിരുന്നു പുല്‍വാമ ആക്രമണമെന്നാണ് വ്യക്തമായിരിക്കുന്നത്. എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് കേന്ദ്ര സര്‍ക്കാര്‍. വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കണമെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.