കള്ളക്കടത്തുകാരനുവേണ്ടി ഇടത് എം.എല്‍.എമാരുടെ ശുപാര്‍ശ

Jaihind Webdesk
Sunday, November 25, 2018

സ്വർണ കള്ളക്കടത്തുകാരനുവേണ്ടി ഇടത് സ്വതന്ത്ര എം.എൽ.എമാരായ PTA റഹീം, കാരാട്ട് റസാഖ് എന്നിവർ ഇടപെട്ടതായി തെളിഞ്ഞു. പ്രതി അബു ലെയ്സിന്‍റെ കരുതൽ തടങ്കൽ എതിർത്ത് എം.എൽ.എമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കേസിൽ ഇടപെട്ടുവെന്ന് PTA റഹീമും കാരാട്ട് റസാഖും സമ്മതിച്ചു. അതിനിടെ ഇരുവരുടേയും സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നിയമസഭാ സ്പീക്കർക്ക് കത്ത് നൽകി.

കരിപ്പൂർ സ്വർണ കടത്തു കേസിലെ പ്രതി അബു ലെയ്സിനെ പിന്തുണച്ച് ഇടത് സ്വതന്ത്ര MLA മാർ രംഗത്തെത്തിയിരുന്നു എന്നാണ് വ്യക്തമായിരിക്കുന്നത്. 35 കിലോ സ്വർണം കടത്തിയ കേസിൽ 2014 ഫെബ്രുവരിയിലാണ് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്‍റലിജന്‍സ്  അബു ലെയ്സിനെതിരെ ഒരു വർഷം മുൻകരുതൽ തടങ്കലിന് വകുപ്പുള്ള
കൊഫേ പോസെ ചുമത്തിയത്. ഒളിവിൽ പോയ അബു ലെയ്സിന് വേണ്ടി DRI ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അബു ലെയ്സിനെതിരെ ചുമത്തിയ കൊഫെ പോസെ കുറ്റം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇടത് സർക്കാർ അധികാരത്തിൽ വന്നതോടെ
കുന്ദമംഗലം എം.എൽ.എ PTA റഹീമും, കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖും ആഭ്യന്തര വകുപ്പിന് കത്ത് നൽകി എന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. കത്ത് നൽകിയ കാര്യം PTA റഹീമും, കാരാട്ട് റസാഖും സ്ഥിരീകരിച്ചു.

എം.എൽ.എമാരുടെ കത്ത് മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയെങ്കിലും എം.എൽ.എമാരുടെ ആവശ്യം കൊഫേ പോസെ ബോർഡ് തള്ളി. അബു ലെയ്സിന് വേണ്ടി എം.എല്‍.എമാർ നൽകിയ കത്തിനെകുറിച്ച് DRl കോടതിയിൽ നൽകിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ അനധികൃതമായി നാട്ടിലെത്തിയ അബു ലെയ്സിനെ DRl അറസ്റ്റ് ചെയ്തു. ഇയാളിപ്പോൾ പരപ്പുര സെൻട്രൽ ജയിലിൽ തടവിലാണ്. PTA റഹീമിന്‍റെ മകൻ P.T ഷബീർ, മരുമകൻ ഷബീർ വയോളി എന്നിവർ കഴിഞ്ഞ ദിവസം ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സൌദി അറേബ്യയിൽ പോലീസ് പിടിയിലായിരുന്നു. ഇതോടെയാണ് PTA റഹീമിന്‍റെ ഹവാല ബന്ധം സംബന്ധിച്ച പരാതികൾ വീണ്ടും ഉയർന്നു വരുന്നത്.

അതിനിടെ PTA റഹിം, കാരാട്ട് റസാഖ് എന്നിവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി നൽകി. മുസ്ലീം യൂത്ത് ലീഗ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ഇരുവരുടേയും ഹവാല ഇടപാടുകളും, ഇടക്കിടെയുള്ള വിദേശ യാത്രകളും, അനധികൃത സ്വത്ത് സമ്പാദനവുമെല്ലാം നാട്ടുകാരിൽ സംശയമുളവാക്കിയിട്ടുണ്ടെന്നും സ്പീക്കർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.