പിഎസ്‌സി കോഴ: പി. സി. ചാക്കോ വെട്ടിൽ, ശബ്ദ രേഖ പുറത്ത്

Jaihind Webdesk
Wednesday, July 10, 2024

 

എറണാകുളം: എൻസിപി ശരത് പവാർ വിഭാഗം നേതാവ് പി. സി. ചാക്കോയ്ക്കെതിരെ പിഎസ്‌സി കോഴ ആരോപണം. നിലവിലെ എൻസിപി സംസ്ഥാന പ്രസിഡന്‍റ് എൻ. എ. മുഹമ്മദ്‌ കുട്ടിയാണ് കോഴ നടന്നതിന്‍റെ തെളിവുകൾ അടക്കം പുറത്തുവിട്ടത്. പിഎസ്‌സി  അംഗമായി രമ്യ വി. ആറിന്‍റെ നിയമനത്തിനായി 2021ൽ 55 ലക്ഷം രൂപ കോഴ വാങ്ങിയതിന്‍റെ ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നത്. അതോടൊപ്പം തന്നെ മന്ത്രി എ. കെ. ശശീന്ദ്രന്‍റെ വിശ്വസ്തൻ വഴി 20 ലക്ഷം രൂപ മറ്റൊരു വ്യക്തിയിൽ നിന്നും വാങ്ങിയതിന്‍റെയും തെളിവുകൾ ഈ ശബ്ദ സന്ദേശത്തിലുണ്ട്.

പി.സി. ചാക്കോ കോഴി വാങ്ങിയതായി കുട്ടനാട് എംഎൽഎ തോമസ് കെ. തോമസുമായി നടത്തിയ സംഭാഷണവും പുറത്തുവിട്ട ശബ്ദ സന്ദേശങ്ങളിൽ ഉൾപ്പെടുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അന്ന് എൻ. എ. മുഹമ്മദ് കുട്ടി മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും പരാതി നൽകിയിരുന്നു. തോമസ് കെ. തോമസ് എംഎൽഎ വഴി മുഖ്യമന്ത്രിക്ക് തെളിവായ ശബ്ദ സന്ദേശങ്ങളും കൈമാറിയിരുന്നു. എന്നാൽ യാതൊരുവിധ നടപടിയും അന്ന് ഉണ്ടായിരുന്നില്ല. വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും സർക്കാർ ബോധപൂർവ്വം അന്വേഷണത്തിന് തുരങ്കം വെയ്ക്കുകയായിരുന്നു.കേസിൽ സാക്ഷിയായ തോമസ് കെ. തോമസ് എംഎൽഎയുടെ മൊഴി പോലും രേഖപ്പെടുത്തുവാൻ ക്രൈംബ്രാഞ്ച് തയ്യാറായിരുന്നില്ല. വീണ്ടും  പിഎസ്‌സി കോഴ സജീവ ചർച്ചയായപ്പോഴാണ് ശബ്ദ സന്ദേശം ഉൾപ്പെടെ പുറത്ത് വിട്ട് എൻസിപി രംഗത്ത് വന്നത്. തോമസ് കെ. തോമസ് എംഎൽഎയുടെ മൊഴി അടിയന്തരമായി എടുത്ത് കേസിൽ തുടർനടപടികൾ കൈക്കൊള്ളണമെന്ന് എൻ. എ. മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു.