താൻ ബി.ജെ.പി സ്ഥാനാർത്ഥിയാകുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ. സത്യവിരുദ്ധമായ വാർത്ത സംബന്ധിച്ച് ജയ് ഹിന്ദ് ഓൺലൈനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തോട് പുലബന്ധമില്ലാത്ത വാർത്തയാണ് ചിലർ നൽകുന്നത്. ജീവിതത്തിൽ എല്ലാക്കാലത്തും രാഷ്ട്രീയ രംഗത്ത് അവസരം നൽകിയ പാർട്ടി ഇന്ത്യൻ നാഷണൽ കോൺ്രഗസാണ്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തിലൂടെയാണ് താൻ പാർട്ടിയിൽ എത്തിച്ചേർന്നത്. പാർട്ടിയെ വിട്ട് പോകുക എന്ന് പറയുന്നത് സ്വന്തം അമ്മയെ തള്ളിപ്പറയുന്നതിന് തുല്യമാണ്. ഒരു കാരണവശാലും താൻ എവിടെയും സ്വതന്ത്രനായി മത്സരിക്കില്ല. താൻ നന്നായി പ്രവർത്തിക്കുന്നയാളാണ് എന്ന് പാർട്ടിക്ക് തോന്നിയിട്ടുള്ളതു കൊണ്ടാകാം തന്നെ നിരവധി ചുമതലകൾ ഏൽപ്പിച്ചിട്ടുള്ളത്. ഇനി പാർട്ടി സീറ്റ് നൽകിയാൽ എവിടെയും താൻ മത്സരിക്കാനും തയ്യാറാണ്. അല്ലാതെ ഒരിക്കലും സ്വതന്ത്രനായി താൻ എങ്ങും മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതീപ്രവേശന വിഷയത്തിൽ ഇടതു സർക്കാരിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച തിരുവതാംകൂർ ദേവസ്വം ബോർഡിന്‍റെ പ്രസിഡന്‍റായിരുന്നു പ്രയാർ ഗോപാലകൃഷ്ണൻ. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് അദ്ദേഹം ദേവസ്വം ബോർഡ് പ്രസിഡന്‍റായിരിക്കുമ്പോഴാണ് ശബരിമലയിൽ ആചാരം ലംഘിച്ച് യുവതീപ്രവേശനം നടത്താനാവില്ലെന്ന സത്യവാങ്മൂലം മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി കോടതിയിൽ സമർപ്പിച്ചത്.
കോണ്‍ഗ്രസിനൊപ്പം എക്കാലവും ഉറച്ച് നിന്ന നേതാവാണ് പ്രയാര്‍. അദ്ദേഹത്തെ സംഘിയാക്കി സീറ്റ് നല്‍കുന്ന ചാനലുകള്‍ ഓര്‍ക്കുക അദ്ദേഹത്തിന്‍റെ കോണ്‍ഗ്രസ് സംസ്കാരവും പാരമ്പര്യവും.