പിആർഎസ് നിർത്തലാക്കണം; നെല്ല് സംഭരണത്തിന്‍റെ തുക കർഷകന് നേരിട്ട് നൽകണം: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, November 13, 2023

 

തിരുവനന്തപുരം: പിആർഎസ് നിർത്തലാക്കി നെല്ല് സംഭരണത്തിന്‍റെ തുക കർഷകന് നേരിട്ട് നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംഭരണ തുക യഥാസമയം ലഭ്യമാകാത്തതാണ് സംസ്ഥാനത്തെ നെൽ കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സപ്ലൈകോ സംഭരിക്കുന്ന നെല്ലിന് പണം നൽകുന്നതിന് പകരം ബാങ്കുകളുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള പാഡി റസീപ്റ്റ് ഷീറ്റ് (പിആർഎസ്) ആണ് കർഷകർക്ക് നൽകുന്നത്. ഇത് ബാങ്കുകളിൽ ഹാജരാക്കുമ്പോൾ ലോൺ വ്യവസ്ഥയിൽ കർഷകർക്ക് പണം നൽകും. ലോൺ തുകയും നിർദ്ദിഷ്ട പലിശയും സർക്കാർ നേരിട്ടാണ് തിരിച്ചടയ്ക്കുന്നത്. എന്നാൽ ഇതിന്‍റെ ബാധ്യത കർഷകന്റെ തലയിലാണ്. സർക്കാർ യഥാസമയം തുക അടയ്ക്കാത്തതുകൊണ്ടാണ് കർഷകന്‍റെ സിബിൽ സ്കോറിനെ ബാധിക്കുകയും ബാങ്കുകളിൽ നിന്നും വായ്പകൾ ലഭിക്കാത്ത സാഹചര്യമുണ്ടാക്കുകയും ചെയ്തതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ലോൺ വ്യവസ്ഥയിൽ ലഭ്യമാക്കിയ തുകയും പലിശയും തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർക്ക് ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചു തുടങ്ങിയിട്ടുണ്ട്. സർക്കാരിന്‍റെ കുറ്റത്തിന് സിബിൽ സ്കോർ ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ കർഷകരാണ് പ്രതിക്കൂട്ടിലായത്. സർക്കാരിനെ വിശ്വസിച്ചു എന്നത് മാത്രമാണ് കർഷകർ ചെയ്ത ഒരേയൊരു തെറ്റ്. ഇത് തന്നെയാണ് കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത പ്രസാദിനും സംഭവിച്ചത്. പിആർഎസ് സംവിധാനത്തെ കർഷകർ ഭയത്തോടെയാണ് നോക്കിക്കാണുന്നത്. പലരും പിആർഎസ് സ്വീകരിക്കാൻ പോലും തയാറാകുന്നില്ല. പിആർഎസ് ഷീറ്റ് നൽകുന്നത് കർഷകർക്ക് ലോൺ ഉള്ള ബാങ്കുകളിലാണെങ്കിൽ കുടിശിക ഈടാക്കിയ ശേഷമുള്ള തുക മാത്രമേ നൽകുകയുള്ളൂവെന്ന ആശങ്കയും കർഷകർക്കുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സപ്ലൈകോ നെല്ല് സംഭരണത്തിന്‍റെ പേരിൽ എടുത്തിട്ടുള്ള വായ്പകളുടെ കുടിശിക സർക്കാർ നൽകാത്തതും പ്രതിസന്ധിക്ക് ആക്കം കൂടിയിട്ടുണ്ട്. കർഷകനെ ബാധിക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തിൽ പാടി റസീപ്റ്റ് ഷീറ്റ് നിർത്തലാക്കി സംഭരിച്ച നെല്ലിനുള്ള തുക കർഷകന് നേരിട്ട് നൽകാൻ സർക്കാർ തയാറാകണമെന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ഇനിയും കർഷക ആത്മഹത്യകൾക്ക് വഴിയൊരുക്കാതെ അവരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കാൻ സർക്കാർ മുന്നിട്ടിറങ്ങണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.