റോഡ് നവീകരണ ഉൽഘാടനത്തിന് രാഹുൽഗാന്ധി എം.പി മുഖ്യാതിഥിയാകുമെന്ന് കാണിച്ച് സർക്കാർ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകൾക്കെതിരെ പ്രതിഷേധം ശക്തം. രാഹുൽഗാന്ധിയെ പരിപാടിക്ക് ക്ഷണിക്കാതെയും, അനുമതിയില്ലാതെയും ബോർഡ് വെച്ചത് അദ്ദേഹത്തെ അപമാനിക്കാനാാണെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടി.
അഗസ്ത്യൻമുഴി- കുന്ദമംഗലം റോഡ് നവീകരണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ളക്സ് ബോർഡുകളിൽ രാഹുൽ ഗാന്ധി എംപിയെ അപമാനിച്ചതായി ആക്ഷേപം. ശനിയാഴ്ച അഗസ്ത്യൻമുഴിയിൽ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ഉൽഘാടനം ചെയ്യുന്ന പരിപാടിയിലേക്ക് രാഹുൽ ഗാന്ധിയെ ക്ഷണിക്കാതെ ബോർഡുകളിൽ മുഖ്യതിഥിയായി പേരും ഫോട്ടോയും ചേർത്തതാണ് പരാതിക്ക് കാരണം. ഈ ബോർഡിന്‍റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച സാഹചര്യത്തിലാണ് പ്രതിഷേധവുമായി യു.ഡി.എഫ് നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്. ജോർജ് എം തോമസ് എം.എൽ.എ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ, പി.ടി.എ റഹീം എം.എൽ.എ മുഖ്യ പ്രഭാഷകനാണെന്നും രാഹുൽ ഗാന്ധി മുഖ്യാതിഥിയാകുമെന്നുമാണ് ബോർഡിൽ വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിൽ വ്യാപകമായി പ്രതിഷേധം ഉയർന്നിട്ടുണ്ട്.
രാഹുൽ ഗാന്ധിയെ പരിപാടിയിലേക്ക് ക്ഷണിക്കാതെ അദ്ദേഹത്തെ അധിക്ഷേപിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയതെന്ന് ഡി.സി.സി പ്രസിഡന്‍റ് അഡ്വ.ടി.സിദ്ധിഖ് പറഞ്ഞു. റോഡിന്‍റെ ഭൂരിഭാഗവും കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലാണെങ്കിലും അവിടുത്തെ എം.പിയായ എം.കെ രാഘവനെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. സംഭവം വിവാദമായതോടെ എം.കെ. രാഘവൻ എംപിയെ ഉൾപ്പെടുത്തി പുതിയ നോട്ടീസ് ഇറക്കി. അതിലും രാഹുൽഗാന്ധിയുടെ പേരും ചിത്രവും നിലനിർത്തിയിട്ടുണ്ട്. വിഷയം രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്ത ശേഷം നിയമ നടപടികൾ ഉൾപ്പടെ സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് പറഞ്ഞു.
https://youtu.be/GAShZpZb1w0