ദേശീയപാത 766 ലെ യാത്രാ നിരോധനം : അനിശ്ചിതകാല നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്

Jaihind News Bureau
Tuesday, October 1, 2019

ദേശീയപാത 766 ൽ പൂർണ്ണമായും യാത്രാ നിരോധനം കൊണ്ട് വരാനുള്ള നീക്കത്തിനെതിരെ വയനാട്ടിൽ സമരം ശക്തമാകുന്നു.  ബത്തേരിയിൽ യൂത്ത് കോൺഗ്രസ് ഉൾപ്പടെയുള്ള യുവജന കൂട്ടായ്മകൾ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്. സമരത്തിന് ഐക്യദാർഢ്യവുമായി ദിവസവും ആയിരങ്ങൾ വയനാട്ടിലേക്ക് എത്തുന്നു. വയനാട് എം പി രാഹുൽ ഗാന്ധി എം പി വ്യാഴാഴ്ച വയനാട്ടിലെത്തും.

പത്ത് വർഷമായി രാത്രിയാത്രാ നിരോധനം തുടരുന്ന വയനാട് – കൊല്ലഗൽ ദേശീയ പാതയിൽ പകൽ സമയവും നിയന്ത്രണം കൊണ്ട് വരാൻ സുപ്രീം കോടതി കേന്ദ്ര സർക്കാറിനോട് അഭിപ്രായം തേടിയിരിക്കുകയാണ്. ഒക്ടോബർ 14ന് ദേശീയപാത വിഷയം സുപ്രീംകോടതി വീണ്ടും പരിഗണിക്കും മുൻപ് കേന്ദ്ര സംസ്ഥാന സർക്കാറുകളിൽ പരമാവധി സമ്മർദ്ദം ചെലുത്തി തങ്ങൾക്കനുകൂലമായ വിധി സമ്പാദിക്കുകയാണ് സമരസമിതിയുടെ ലക്ഷ്യം. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്. സമരം ഏഴാം ദിവസവും കരുത്തോടെ തുടരുകയാണ്. വിജയം കാണും വരെ സമരം തുടരാൻ തന്നെയാണ് യുവജന കൂട്ടായ്മയുടെ തീരുമാനം.

നിരാഹാര സമരത്തിന് രാഹുൽ ഗാന്ധി എം പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഐക്യദാർഢ്യവുമായി രാഹുൽ ഗാന്ധി വ്യാഴാഴ്ച വയനാട്ടിലെത്തും. ബത്തേരിയിലെ സമരപന്തലിൽ നിന്ന് കർണാടക അതിർത്തി വരെ 17 കിലോമീറ്ററോളം ഇന്നലെ കർഷകർ മാർച്ച് നടത്തിയിരുന്നു .  ജില്ലയിലെ കർഷകരെയും പ്രതിഷേധത്തിന് പിന്തുണ നൽകുന്ന നാട്ടുകാരെയും, വിദ്യാർത്ഥികളെയും അണിനിരത്തി ശക്തമായ പ്രതിഷേധമാണ് അലയടിച്ചത്.  ദിവസവും ആയിരക്കണക്കിനാളുകളാണ് സമരത്തിന് പിന്തുണയുമായി സമരപ്പന്തലിലെത്തുന്നത്.