പൊതുഇടങ്ങളിലെ നമസ്‌കാര വിലക്കിനെതിരെ ജനവികാരം ശക്തമാകുന്നു

Jaihind Webdesk
Thursday, December 27, 2018

Noida-public-namaz-ban

നോയിഡയിലെ പാർക്കിൽ നമസ്‌കാരം നിരോധിച്ച നടപടിക്കെതിരെ ജനവികാരം ശക്തമാകുന്നു. നമസ്‌കാരത്തിന് വിലക്ക് ഏർപ്പെടുത്തിയ നടപടി ചോദ്യം ചെയത് മുസ്ലിം സംഘടനകൾ രംഗത്തെത്തി. അതേസമയം നഗരം മുഴുവൻ നിരോധനം ബാധകമാക്കണമെന്നാണ് ബജ്രംഗ്ദളിന്‍റെയും വിഎച്ച്പിയുടെയും ആവശ്യം. അതിനിടെ പ്രശ്‌നം മയപ്പെടുത്താനുള്ള ശ്രമവുമായി പോലീസും രംഗത്തെത്തി.

കാവടി സംഘങ്ങളെ മാലയിട്ട് സ്വീകരിക്കുന്ന ഉത്തർപ്രദേശിലെ പൊലീസിന് മുസ്ലീകൾ ആഴ്ചയിൽ ഒരിക്കൽ നമസ്‌കരിക്കുന്നതിനെ എതിർക്കാൻ എന്ത് അവകാശമാണ് ഉള്ളതെന്ന് അസാദുദ്ദീൻ ഉവൈസി എം പി ചോദിച്ചു. പാർക്കിൽ നമസ്‌കാരം നടത്താൻ അനുമതി ചോദിച്ച് മുസ്ലിങ്ങൾ അധികൃതർക്ക് അപേക്ഷ തന്നിട്ടുണ്ട്. ഇതിൽ തീരുമാനം എടുക്കും മുമ്പ് എസ്‌ഐ ധൃതി പിടിച്ച് നോട്ടീസ് നൽകുകയായിരുന്നുവെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ബിഎൻ സിംഗ് പറഞ്ഞു. ഇതിനിടെ വിവാദം തണിപ്പിക്കാൻ നോയിഡ ഭരണകൂടവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രംഗത്തെത്തി.

മേലുദ്യോഗസ്ഥരെ അറിയിക്കാതെയാണ് എസ്‌ഐ നോട്ടീസ് ഇറക്കിയതെന്നാണ് വിശദീകരണം. ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് സ്ഥലം എസ്‌ഐ ഇത് സംബന്ധിച്ച നോട്ടീസ് ഇറക്കിയതെന്നാണ് ഭരണകൂടത്തിൻറെ നിലപാട്.എന്നാൽ സെക്ടർ 58 ൽ മാത്രമായി വിലക്ക് ഒതുക്കരുതെന്നും നോയിഡ നഗരത്തിൽ മുഴുവൻ പൊതുസ്ഥലങ്ങളിലും വിലക്ക് ഏർപ്പെടുത്തണമെന്നും ബജ്രംഗ്ദളും വിശ്വഹിന്ദുപരിഷത്തും ആവശ്യപ്പെടുന്നു. പള്ളിയിൽ സ്ഥലമില്ലെങ്കിൽ സ്വന്തം വീട്ടില് നമസ്‌കരിച്ചാൽ പോരെ എന്നാണ് ഇവരുടെ ചോദ്യം. നോയിഡ സെക്ടർ 58 ലെ പാർക്കിൽ വെള്ളിയാഴ്ചയിലെ നമസ്‌ക്കാരം വിലക്കിയാണ് എസ്‌ഐ നോട്ടീസ് ഇറക്കിയത്. നോയിഡയിലെ 26 കമ്പനികൾക്കും നോട്ടീസ് നൽകി. വിലക്ക് ലംഘിച്ച് ജീവനക്കാർ നമസ്‌ക്കാരം നടത്തിയാൽ കമ്പനികൾ ഉത്തരവാദിത്തം പറയേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്.