ദത്തുപുത്രന് സംരക്ഷണം; അജിത്കുമാറിനെതിരെ തുടരന്വേഷണമില്ല

Jaihind News Bureau
Friday, November 21, 2025

അനധികൃത സ്വത്ത് സാമ്പാദനക്കേസില്‍ എ ഡി ജി പി എം ആര്‍ അജിത്കുമാറിനെതിരെ തുടരന്വേഷണമില്ല. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശവും നീക്കി. വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ് റദ്ദാക്കിയ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിനെതിരെയുള്ള അജിത് കുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. റിപ്പോര്‍ട്ട് പരിശോധിക്കാതെയാണ് വിജിലന്‍സ് കോടതിയുടെ നടപടിയെന്നായിരുന്നു അജിത്കുമാറിന്റെ വാദം.

ഈ കേസില്‍ പരാതിക്കാര്‍ക്ക് തുടരണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടിയ ശേഷം വീണ്ടും പരാതി നല്‍കാവുന്നതാണെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഈ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ട ഹൈക്കോടതി, മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു.

വിജിലന്‍സ് കോടതിയുടെ നടപടിക്കെതിരെ എം.ആര്‍. അജിത് കുമാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി വന്നത്. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൃത്യമായി പരിശോധിക്കാതെയാണ് വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു അജിത് കുമാറിന്റെ പ്രധാന വാദം. ഒരു എം.എല്‍.എ. മാധ്യമങ്ങളിലൂടെ നടത്തിയ പൊതു ആരോപണങ്ങള്‍ മാത്രമാണ് പരാതിയായി കോടതിയില്‍ എത്തിയത്. പരാതിക്ക് വിശ്വാസയോഗ്യമായ മറ്റ് തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ അജിത് കുമാര്‍ ചൂണ്ടിക്കാട്ടി. ഈ കേസില്‍ വസ്തുതകള്‍ ശരിയായി വിലയിരുത്താതെയുള്ള വിജിലന്‍സ് കോടതിയുടെ വിധി സ്റ്റേ ചെയ്യണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.