ഇ മൊബിലിറ്റി പദ്ധതിയിൽ വിദേശ കമ്പനിയുമായുള്ള കരാറിനെ എതിർത്തില്ലെന്ന ധനമന്ത്രിയുടെ വാദം പൊളിയുന്നു; ധനവകുപ്പ് എതിർപ്പ് രേഖപ്പെടുത്തിയ ഫയലിന്‍റെ പകർപ്പ് പുറത്ത്

ഇ മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശ കമ്പനിയുമായുള്ള കരാറിനെ എതിർത്തില്ലെന്ന ധനകാര്യ മന്ത്രിയുടെ വാദം പൊളിയുന്നു. സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള കമ്പനിയുമായുള്ള കെ.എ.എല്ലിന്‍റെ സംയുക്ത സംരംഭത്തെ ധനവകുപ്പ് എതിർത്ത ഫയലിന്‍റെ പകർപ്പാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കമ്പനിയുമായുള്ള ധാരണാപത്രം ഒപ്പിടുന്നതിനെ ധനവകുപ്പ് എതിർത്തിരുന്നതായി രേഖകളിൽ വ്യക്തമാണ്. കരാറിനായി സ്വിറ്റ്സർലൻഡ് കമ്പനിയെ മുഖ്യമന്ത്രി വഴി വിട്ടു സഹായിച്ചെന്നും ധനവകുപ്പ് എതിർത്തതിനാലാണ് പദ്ധതി നടക്കാത്തതെന്നും പ്രതിപക്ഷ നേതാവ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞവർഷം ഓഗസ്റ്റ് മാസം 9 ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഹെസ് എന്ന കമ്പനിയ്ക്ക് 51 ശതമാനം ഓഹരിയും പൊതുമേഖലാ സ്ഥാപനമായ കെ.എ.എല്ലിനു 49 ശതമാനം ഓഹരിയുമായുള്ള സംയുക്ത സംരംഭത്തെ എതിർത്തില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രിയുടെ വാദം. എന്നാൽ ഗതാഗത വകുപ്പിൽ നിന്നു ഫയൽ ധനവകുപ്പിലെത്തിയപ്പോൾ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും പിന്നീട് ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസും എതിർത്തു എന്നത് വ്യക്തമാക്കുന്ന ഫയലിന്‍റെ പകർപ്പുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ആഗോള ടെണ്ടർ വിളിക്കാത്തത് ഉൾപ്പെടെ നിരവധി സംശയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹെസുമായുള്ള ധാരണാപത്രം ഒപ്പിടാനുളള നീക്കത്തെ ധനവകുപ്പ് എതിർത്തത്. വിദേശ കരാർ ആയതിനാൽ കൂടുതൽ വ്യക്തത വേണമെന്നും ഫയലിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ എതിർപ്പ് മറികടക്കാനാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് കൺസൽട്ടൻസി കരാർ നൽകിയത് എന്നാണ് പ്രതിപക്ഷ ആക്ഷേപം.

ഇന്നലെ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പ്രതിപക്ഷ നേതാവ് രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരുന്നത്. ഇ-മൊബിലിറ്റി കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വിശദീകരണം പൊതുസമൂഹത്തെ കബളിപ്പിക്കാനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. മുഖ്യമന്ത്രി ബഹുരാഷ്ട്ര കമ്പനികളുടെ വക്താവായി മാറിയെന്നും അദ്ദേഹത്തിന്‍റെ വാദങ്ങൾ നിലനിൽക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

https://www.facebook.com/JaihindNewsChannel/videos/296071365102942/

Comments (0)
Add Comment