
2017ല്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായത് മലയാള സിനിമ, രാഷ്ട്രീയ, സാമൂഹിക മാധ്യമ രംഗങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചു. കേസിന്റെ തുടക്കത്തില്‍ നിന്ന് തന്നെ ദിലീപിനെ അനുകൂലിക്കുന്ന ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമ സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ നിന്നും ദിലീപിനെ പിന്തുണച്ചവര്‍ നിരവധിയാണ്.
മനുഷ്യ മനസാക്ഷിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത സംഭവം നടന്ന കറുത്ത ദിനങ്ങള്‍… ദിലീപ് എന്ന നടന്‍ ജയിലറക്കുള്ളില്‍ കഴിഞ്ഞ ദിവസങ്ങള്‍.. അന്നും ദിലീപിന് പിന്തുണ നിരവധി ആയിരുന്നു… അതില്‍ ഒന്നാമത്തെ ആള്‍ ശ്രീലേഖ ഐ പി എസ് തന്നെ ആണ്.നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അനുകൂലമായി മുന്‍ ഡിജപി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു. കേസില്‍ ദിലീപ് നിരപരാധിയാണെന്ന് ഉത്തമ ബോധ്യമുണ്ട് എന്നും ദിലീപിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരോട് നേരിട്ട് കാര്യം ബോധിപ്പിച്ചിരുന്നുവെന്നും ശ്രീലേഖ പറയുന്നുണ്ടായിരുന്നു.. ഒരു പോലീസ് ഉദ്യോഗസ്ഥ തന്നെ ദിലീപിനെ അനുകൂലിച്ചു രംഗത്ത് വന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചു.
രാഷ്ട്രീയ രംഗത്തും ദിലീപിനെ പിന്തുണച് നിരവധിപേരാണ് രംഗത്ത് വന്നത്. ഇപ്പോഴത്തെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ദിലീപിനെ അനുകൂലിച്ചു സംസാരിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചു. ഒരു ജനപ്രതിനിധി തന്നെ പ്രതി സ്ഥാനത്തു നില്‍ക്കുന്ന ഒരാള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ നിയമപരവും സാമൂഹികപരവുമായ ചോദ്യങ്ങള്‍ ഉയര്‍ന്നു. കോടതി പോലീസിനോട് വിശദീകരണം തേടി.
രാഹുല്‍ ഈശ്വര്‍ എന്ന വ്യക്തിയെ ഒരിക്കലും മറക്കാനാകില്ല. ചാനല്‍ ചര്‍ച്ചകളിലും, സമൂഹ മാധ്യമങ്ങളിലും രാഹുല്‍ ഈശ്വര്‍ സ്വീകരിച്ച നിലപാടുകള്‍ ദിലീപിനെ വെള്ളപൂശുന്നതായിരുന്നു.. പൊതുപ്രവര്‍ത്തകന്‍ എന്ന ലേബലില്‍ രാഹുലിന്റെ ഇത്തരം നിലപാട് വലിയ വിമര്‍ശനത്തിന് ഇടയാക്കി… ചലച്ചിത്ര രംഗത്ത് ആദ്യം തന്നെ ദിലീപിന് പിന്തുണ പ്രഖ്യാപിച്ചവരില്‍ പ്രധാനപെട്ടത് നടന്‍ ശ്രീനിവാസന്‍ ആയിരുന്നു. ”ദിലീപ് അത്തരമൊരു കുറ്റകൃത്യത്തിനു പോകുന്ന ആളല്ല; അവസാനം സത്യം തെളിയും” എന്ന അദ്ദേഹം പറഞ്ഞ വാക്കുകള്‍ വലിയ ശ്രദ്ധ നേടി. ജയറാം, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ ജയിലില്‍ ദിലീപിനെ സന്ദര്‍ശിക്കുകയും, പിന്തുണ നല്‍കുകയും ചെയ്തു. സംവിധായകന്‍ ജോണി ആന്റണി, നടന്‍ നാഖുല്‍, അമ്മയിലെ ചില മുന്‍ കമ്മിറ്റിയംഗങ്ങളും ആദ്യ ഘട്ടത്തില്‍ ദിലീപിന്റെ സ്വഭാവത്തെ അനുകൂലിച്ച് പ്രസ്താവനകള്‍ നടത്തിയിരുന്നു.
നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ജയിലില്‍ സന്ദര്‍ശിച്ചതും സിനിമാ മേഖലയിലെ പിന്തുണ കാണിക്കുന്നതായിരുന്നു. നിര്‍മ്മാതാവ് സജി നന്ത്യാട്ട് നിരന്തരം മാധ്യമങ്ങളെ വിമര്‍ശിച്ചും, ദിലീപിനെ തെറ്റായി കുറ്റവാളിയാക്കി ചിത്രീകരിക്കുന്നു എന്നും പറഞ്ഞു കൊണ്ടേയിരുന്നു. എട്ട് വര്‍ഷം നീണ്ട ഈ കേസില്‍, വ്യക്തികളുടെ അനുകൂല പ്രസ്താവനകളും സന്ദര്‍ശനങ്ങളും സോഷ്യല്‍ മീഡിയ ക്യാംപെയ്നുകളും ചേര്‍ന്ന് ഒരു വിപുലമായ പിന്തുണാ വലയം ദിലീപിന് ലഭിച്ചിരുന്നു.