കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങള്‍; കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കണ്ണ് തുറപ്പിക്കാന്‍ സമരവുമായി കോണ്‍ഗ്രസ്

കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടേയും പ്രശ്‌നങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനായി കോൺഗ്രസിന്‍റെ കുത്തിയിരിപ്പ് സമരം ഇന്ന്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലാണ് സമരം നടത്തുക.

സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതത്തിലായ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടേയും പരമ്പരാഗത മേഖലയില്‍ ഉള്‍പ്പടെ പണിയെടുക്കുന്ന അസംഘടിത തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ അതിരൂക്ഷമാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരാനും അതിന് പരിഹാരം കണ്ടെത്താനുമായാണ് രാവിലെ 10 ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി തിരുമല വില്ലേജിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പേരൂര്‍ക്കട വില്ലേജിലും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കവടിയാര്‍ വില്ലേജിലും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തൈക്കാട് വില്ലേജിലും കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി-ഡി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, പോഷകസംഘടനാ നേതാക്കള്‍ തുടങ്ങി കോണ്‍ഗ്രസിന്‍റെ സമുന്നത നേതാക്കള്‍ വിവിധ ജില്ലകളില്‍ നടക്കുന്ന കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുക്കും.

Comments (0)
Add Comment