‘അത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനം; ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റും’ : പ്രിയങ്കാ ഗാന്ധി

Jaihind Webdesk
Sunday, April 28, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ മത്സരിക്കേണ്ട എന്ന തീരുമാനം പാർട്ടി കൂട്ടായി എടുത്തതാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പ്രിയങ്കാ ഗാന്ധി വാരണസിയിൽ മോദിക്കെതിരെ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് വാരാണാസിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി അജയ് റായിയെ പ്രഖ്യാപിച്ചത്.

കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയാണ് പ്രിയങ്കാ ഗാന്ധിക്കുള്ളത്. പാര്‍ട്ടി പറയുന്നത് ചെയ്യുമെന്നും ഇപ്പോള്‍ തന്നെ ഏല്‍പിച്ചിരുക്കുന്ന ഉത്തരവാദിത്വത്തിനാണ് പ്രധാന പരിഗണന നല്‍കുന്നതെന്ന് പ്രിയങ്കയും വ്യക്തമാക്കിയിരുന്നു. ‘ഭാരിച്ച ഉത്തരവാദിത്വമാണ് എനിക്ക് നിറവേറ്റാനുള്ളത്. ഓരോ സ്ഥാനാര്‍ത്ഥിക്കുവേണ്ടിയും എനിക്ക് പ്രചാരണത്തിന് എത്തേണ്ടതുണ്ട്. കോണ്‍ഗ്രസ് ബി.ജെ.പിയെക്കാള്‍ ബഹുദൂരം മുന്നിലാണ്. ഏറ്റെടുക്കുന്ന ഉത്തരവാദിത്വം കൃത്യമായി നിറവേറ്റുന്ന ആളാണ് രാഹുല്‍. സ്ഥാനമാനങ്ങളെക്കുറിച്ച് ആലോചിക്കാറില്ല. ഞാനും അത് മാതൃകയാക്കുന്നു’ – പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞ തവണ മത്സരിച്ച അജയ് റായിയെ തന്നെയാണ് വാരാണസിയിൽ മോദിക്കെതിരെ കോൺഗ്രസ് രംഗത്തിറക്കുന്നത്. മോദിക്കെതിരെ മത്സരിച്ച് അജയ് റായ് മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. 75,614 വോട്ടാണ് അജയ് റായ് കഴിഞ്ഞ തവണ നേടിയത്‌.