കാസർഗോഡ് ഇരട്ടക്കൊലപാതകം : പ്രതികളെ രക്ഷപ്പെടുത്തിയതും വസ്ത്രങ്ങള്‍ കത്തിച്ചതും സിപിഎം ഇടപെടലില്‍: ഒന്നാം പ്രതിയുടെ മൊഴി പുറത്ത്

Jaihind Webdesk
Wednesday, February 27, 2019

Periya-Murdercase

കാസർഗോഡ് ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിൽ സിപിഎം നേതാക്കൾക്ക് പങ്കെന്ന് മുഖ്യപ്രതിയുടെ മൊഴി. സംഭവത്തിന് ശേഷം ഉദുമ ഏരിയയിലെ പ്രമുഖ നേതാവിനെ ബന്ധപ്പെട്ടു. മുന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹികൂടിയായ ഇയാളുടെ നിർദേശ പ്രകാരമാണ് വസ്ത്രങ്ങൾ കത്തിച്ചതെന്നും മുഖ്യപ്രതിയും സിപിഎം എ.പീതാംബരന്‍റെ മൊഴിയിലുണ്ട്.

ഈ നേതാവ് തന്നെയാണ് അഭിഭാഷകനെ വിളിച്ച് ഉപദേശം തേടിയതും അതിന്‍റെ അടിസ്ഥാനത്തിലാണ് വസ്ത്രങ്ങള്‍ കത്തിച്ചതും. പിന്നീട് ഇയാളുടെ നിര്‍ദ്ദേശ പ്രകാരം വെളുത്തോളിയിലെ പ്രാദേശിക നേതാവിന്‍റെ വീട്ടില്‍ എത്തി കൊലയാളി സംഘം കുളിച്ചതിന് ശേഷം ചട്ടഞ്ചാല്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ തങ്ങി എന്നും മൊഴിയില്‍ പറയുന്നു.

ഒന്നാം പ്രതി പീതാംബരൻ പൊലീസിന് നൽകിയ മൊഴിയിലാണ് പെരിയയ്ക്ക് പുറത്തുള്ള രണ്ട് നേതാക്കളുടെ പേര് പറയുന്നത്. പ്രാദേശിക പ്രശ്‌നങ്ങളാണ് കൊലയിലേയ്ക്ക് നയിച്ചതെന്നും പ്രതികളെ പാര്‍ട്ടി സഹായിച്ചിട്ടില്ലെന്നും നേരത്തെ പറഞ്ഞിരുന്ന പാര്‍ട്ടിയെ വെട്ടിലാക്കുന്നതാണ് ഒന്നാം പ്രതിയുടെ ഈ മൊഴി.