ഗര്‍ഭിണിയെയും പിതാവിനെയും മര്‍ദ്ദിച്ച സംഭവം : ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

Saturday, July 3, 2021

കൊച്ചി : ആലുവ ആലങ്ങാട് ഗര്‍ഭിണിയായ യുവതിയെയും പിതാവിനെയും സ്ത്രീധനത്തിന്‍റെ പേരില്‍ മര്‍ദ്ദിച്ച കേസില്‍ രണ്ട് പേരെ ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവ് നോര്‍ത്ത് പറവൂര്‍ മന്നം തോട്ടത്തില്‍ പറമ്പ് വീട് മുഹമ്മദലി ജവഹര്‍ (28), ഇയാളുടെ സുഹൃത്തായ മന്നം മില്ലുപടി മങ്ങാട്ട് പറമ്പില്‍ വീട്ടില്‍ സഫല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന ഇവര്‍ വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.

കഴിഞ്ഞദിവസമാണ് ഗര്‍ഭിണിയായ യുവതിക്കും പിതാവിനും മര്‍ദനമേറ്റതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. നാലുമാസം ഗര്‍ഭിണിയായ യുവതിയെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ജവഹര്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച യുവതിയുടെ പിതാവിനും മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ഇരുവരും പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.

ആലുവ തുരുത്ത് സ്വദേശി സലീമിനും മകള്‍ നഹ്‍ലത്തിനുമാണ് മർദനമേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. വിവാഹ സമയത്ത് പത്ത് ലക്ഷം രൂപ നല്‍കിയിരുന്നെങ്കിലും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് മര്‍ദ്ദിച്ചതെന്ന് സലീം  പറയുന്നു.