നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും സംസ്ക്കാര ചടങ്ങുകൾ തിരുവനന്തപുരത്ത് നടന്നു. പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൃതദേഹങ്ങൾ രാവിലെ പത്തരയോടെയാണ് ദഹിപ്പിച്ചത്. മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് ഒരു കുഴിമാടത്തിലാണ് അടക്കിയത്. ചെങ്കോട്ടുകോണത്തെ വീട്ടിലേയ്ക്ക് നൂറ് കണക്കിന് പേരാണ് അന്തിമോപചാരം അർപ്പിക്കാൻ ഒഴുകിയെത്തിയത്.
രാവിലെ ഒമ്പതരയോടെയാണ് ചെങ്കോട്ടുകോണത്തെ രോഹിണി നിവാസിൽ സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. അപ്പോഴും നൂറ് കണക്കിന് പേർ പ്രവീണിനിയെയും ശരണ്യയെയും പിഞ്ചോമനകളെയും അവസാനമായി ഒരു നോക്ക് കാണാൻ ഒഴുക്കിയെത്തുകയായിരുന്നു. രാവിലെ ഏഴരയോടെ പ്രവീണിന്റേയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ വിലാപ യാത്രയായി അഞ്ച് അംബലൻസുകളിലായി ആണ് വീട്ടിലെത്തിച്ചത്. പ്രവീണിന്റെ മൃതദേഹമാണ് ആദ്യം എത്തിച്ചേർന്നത്. തൊട്ടുപിന്നാലെ മൂന്ന് മക്കളുടെയും ശരണ്യയുടെയും മൃതദേഹങ്ങൾ എത്തിച്ചേർന്നു. ഇടയ്ക്ക് പ്രവീണിന്റെ സഹോദരി പ്രസീത കുഴഞ്ഞ് വീണപ്പോൾ മെഡിക്കൽ സംഘം ചികിത്സ നൽകി. ഏറേ പ്രിയപ്പെട്ട പ്രവീണിന്റെയും കുടുംബത്തിന്റെയും വിയോഗം താങ്ങാനാവാതെ ഉറ്റവരും നാട്ടുകാരും അലമുറയിട്ട് കരയുന്ന കാഴ്ചയായിരുന്നു ചുറ്റും . ശരണ്യയുടെ ബന്ധുക്കളും സുഹ്യത്തുക്കളും ഇവിടെ എത്തിച്ചേർന്നിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വി എസ് ശിവകുമാർ എംഎല്‍എ, കൊടിക്കുന്നിൽ സുരേഷ് എംപി, വി.എം സുധീരൻ തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു. ഇതിനിടെ കൂട്ടക്കരച്ചിലുകൾക്കിടയിൽ ജനത്തെ നിയന്ത്രിക്കാൻ പോലീസും നന്നേ പാടുപ്പെട്ടു. രാവിലെ പത്തരയോടെ മൂന്ന് പിഞ്ചോമനകളെയും ഒന്നിച്ചു ഒരു കുഴിമാടത്തിൽ അടക്കി. തൊട്ടുപിന്നാലെ കുഴിമാടത്തിന് ഇരുവശത്തുമായി ഒരുങ്ങിയ പ്രവീണിന്റെയും ശരണ്യയുടെയും ചിതകൾക്ക് ശരണ്യയുടെ സഹോദരി പുത്രൻ രണ്ട് വയസ്സുകാരനായ ആരവ് തീകൊളുത്തി. ഒരു നാടിനെ മുഴുവൻ കണ്ണിരിലാഴ്ത്തി ഇവർ വിടവാങ്ങുമ്പോൾ ഇനിയും ഞെട്ടലിൽ നിന്ന് മുക്തരാകാത്തവരാണ് ചുറ്റും.