നേപ്പാളിൽ മരണമടഞ്ഞ മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്കരിക്കും

Jaihind News Bureau
Friday, January 24, 2020

നേപ്പാളിൽ മരണമടഞ്ഞ ചേങ്കോട്ടുകോണം സ്വദേശി പ്രവീൺ കെ. നായരുടെയും കുടുംബത്തിന്‍റെയും സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു. വീട്ടുവളപ്പിലാണ് മൃതദേഹങ്ങൾ സംസ്‌കരിക്കുക. മൂന്ന് കുഴിമാടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രവീണിന്‍റെയും ഭാര്യ ശരണ്യയുടെയും മൃതദേഹങ്ങൾ ദഹിപ്പിക്കും. മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങൾ ഒരു കുഴിമാടത്തിൽ പെട്ടിയിലാക്കി സംസ്‌കരിക്കും. പ്രവീണിന്‍റെയും ശരണ്യയുടെയും കുഴിമാടത്തിന് മധ്യഭാഗത്തായാണ് മക്കളുടെ കുഴിമാടം ഒരുക്കിയിരിക്കുന്നത്.

കോഴിക്കോട് സ്വദേശികളായ രഞ്ജിത്ത് കുമാർ-ഇന്ദുലക്ഷ്മി ദമ്പതികളുടെയും മകന്‍റെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. ഉച്ചക്ക് പന്ത്രണ്ടോടെ എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂരിൽ എത്തിക്കുന്ന മൃതദേഹങ്ങൾ മൊകവൂരിലെ വീട്ടിലേക്ക് കൊണ്ടു പോകും. വൈകുന്നേരം കുന്നമംഗലത്തെ തറവാട്ട് വീട്ടുവളപ്പിലാണ് സംസ്‌കാരം.