ദുബായ് : ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരികെ എത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി തൃശൂര്‍ എം പി ഓഫീസിന് കീഴില്‍ പ്രവാസി സപ്പോര്‍ട്ടിംഗ് സെല്‍ രൂപീകരിക്കുമെന്ന് ടി എന്‍ പ്രതാപന്‍ എം പി പറഞ്ഞു. യു എ ഇയിലെ തൃശൂര്‍ ജില്ലാ ഇന്‍കാസ് പ്രതിനിധികളുമായി, ലോകസഭാംഗം ടി എന്‍ പ്രതാപന്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഗള്‍ഫ് നാടുകളിലേക്ക് അവശ്യമായ മരുന്നുകള്‍ തൃശൂര്‍ എം പി ഓഫീസ് മുഖേന സൗജന്യമായി എത്തിക്കുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.
പ്രവാസികള്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കത്തിന് ആശ്വാസം പകരുന്നതിന് , എം പി ഓഫീസില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. യു എ ഇയിലുള്ള ആര്‍ക്കും ഇതിനായി 800MINDS/64637 എന്ന ടോള്‍ ഫ്രീ നമ്പര്‍ മുഖേന ഡോക്ടര്‍മാരുമായി ബന്ധപ്പെടാം. മലയാളത്തിന് പുറമെ, ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു, തമിഴ്, കന്നഡ, ബംഗാളി, അറബി എന്നീ ഭാഷകളിലും ഡോക്ടര്‍മാരോട് സംസാരിക്കാം. എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി 12 വരെ വിളിക്കാവുന്നതാണ്. യുഎഇയില്‍ ഡോ. ധനേഷ് ഗോപാലിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണെന്നും എം പി പറഞ്ഞു.
ഇന്‍കാസ് യു എ ഇ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് എന്‍ പി രാമചന്ദ്രന്‍ യോഗം നിയന്ത്രിച്ചു. കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ടി എ രവീന്ദ്രന്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജോണ്‍സണ്‍, ടി എ നാസര്‍, ചന്ദ്രപ്രകാശ് ഇടമന, കെ എച്ച് താഹിര്‍, ഷാജി പി ഖാസിമി, ബി പവിത്രന്‍, അബ്ദുല്‍ മനാഫ്, അബ്ദുല്‍ഖാദര്‍ തിരുവത്ര, ഫൈസല്‍ തഹാനി, നാസര്‍ അല്‍ദാന, റിയാസ് ചെന്ത്രാപ്പിന്നി, ഫിറോസ് മുഹമ്മദാലി, ഷാന്റി തോമസ്, ടോജി മുല്ലശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.