കോണ്‍ഗ്രസിനൊപ്പം നില്‍ക്കാതെ രക്ഷയില്ല; നിലപാട് മാറ്റി കാരാട്ട്

Jaihind Webdesk
Thursday, January 10, 2019

പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തുരത്തണമെങ്കില്‍ കോണ്‍ഗ്രസിനൊപ്പം ചേരാതെ നടക്കില്ലെന്ന് തുറന്നുസമ്മതിച്ച് സി.പി.എം നേതാവ് പ്രകാശ് കാരാട്ട്. നേരത്തെ കോണ്‍ഗ്രസ് സഖ്യമില്ലാതെ ബി.ജെപിയെ നേരിടാമെന്നതായിരുന്നു കാരാട്ടിന്‍റെയും കേരളഘടകത്തിന്‍റെയും നിലപാട്. മതേതര സഖ്യത്തിനായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്ന യെച്ചൂരി പക്ഷത്തിന്‍റെ നിലപാടിനെ പാര്‍ട്ടിക്കകത്തും പുറത്തും നഖശിഖാന്തം എതിര്‍ത്തിരുന്നു കാരാട്ടും കൂട്ടരും. എന്നാല്‍ ഈ നിലപാടില്‍ നിന്നാണ് ഇപ്പോള്‍ കാരാട്ട് മലക്കം മറിഞ്ഞിരിക്കുന്നത്.

ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയല്ലാതെ മറ്റ് വഴിയില്ലെന്ന തിരിച്ചറിവാണ് കാരാട്ടിനും കൂട്ടര്‍ക്കും ഉണ്ടായിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ശക്തമായ തിരിച്ചുവരവ് നിലപാട്മാറ്റത്തിന് കാരാട്ടിനെ പ്രേരിപ്പിച്ചു എന്നാണ് സൂചന. ദേശീയതലത്തില്‍ നിരവധി വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി എടുക്കുന്ന നിലപാടുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും സി.പി.എമ്മിലെ കോണ്‍ഗ്രസ് വിരുദ്ധരുടെ നിലപാട് മാറ്റത്തിന് കാരണമായി.