എസ്.എഫ്.ഐ ഗുണ്ടകള്‍ കുത്തിവീഴ്ത്തിയത് അഖിലിന്റെ കായിക ജീവിതത്തെയും; ഇനി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആകുമോ എന്ന് ആശങ്ക

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ ഗുണ്ടകളുടെ കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിന്റെ കായിക ജീവിതം ആശങ്കയില്‍. ദേശീയ പവര്‍ലിഫ്റ്റിങ് ചാമ്പ്യനായ അഖിലിന് ഇനി കായികമത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കളും ബന്ധുക്കളും. പവര്‍ ലിഫ്റ്റിങ് കായികതാരങ്ങള്‍ക്ക് വേണ്ട രീതിയില്‍ അഖിലിന് ശ്വാസമെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ്. അതേസമയം അഖിലിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി രേഖപ്പെടുത്തുന്നുണ്ട്. ഖരരൂപത്തിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അഖില്‍ കഴിച്ചുതുടങ്ങിയിട്ടുണ്ട്.

അഖിലിന്റെ നെഞ്ചിലാണ് കുത്തേറ്റത്. ഇതേ തുടര്‍ന്ന് ഹൃദയത്തിന്റെ സംരക്ഷണവലയമായ പെരികാര്‍ഡിയത്തില്‍ പരിക്കേറ്റിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ അഖിലിന്റെ ആരോഗ്യനില മൂന്നു ദിവസത്തിനുശേഷമാണ് മെച്ചപ്പെട്ടത്. ഓള്‍ ഇന്ത്യഫെഡറേഷന്‍ നാഷണല്‍ സബ് ജൂനിയര്‍ പവര്‍ലിഫ്റ്റിങ്, ജൂനിയര്‍ സൗത്ത് ഇന്ത്യ പവര്‍ ലിഫ്റ്റിങ്, കേരള സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ ദേശീയ, സംസ്ഥാന മത്സരങ്ങളില്‍ സ്വര്‍ണവും വെള്ളിയും നേടിയ കായികതാരമാണ് അഖില്‍.

Comments (0)
Add Comment