സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി സിപിഎമ്മില്‍ കലാപക്കൊടി ; ബാലനെതിരെ പോസ്റ്റർ, പിണറായിക്കെതിരെയും പ്രതിഷേധം ഉയരുന്നു

Jaihind News Bureau
Sunday, March 7, 2021

 

സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി സിപി.എമ്മില്‍ പ്രതിസന്ധി രൂക്ഷം. അപ്രതീക്ഷിത വെട്ടിനിരത്തലുകളില്‍ പാർട്ടിയില്‍ ദിവസം കഴിയുന്തോറും കലഹം രൂക്ഷമാവുകയാണ്. പോസ്റ്റർ യുദ്ധവും സൈബർ യുദ്ധവും സിപിഎമ്മിനുള്ളില്‍ കൊടുമ്പിരി കൊണ്ടത് നേതൃത്വത്തിന് തലവേദനയായി. പി ജയരാജന്‍ ആർമി കടുത്ത പ്രതിഷേധമുയർത്തിയതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്ന് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെ മന്ത്രി എ.കെ ബാലനെ കടന്നാക്രമിച്ച് പാലക്കാട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ നോക്കിയാല്‍ തിരിച്ചടിക്കുമെന്നും അധികാര മോഹം തുടർഭരണം ഇല്ലാതാക്കുമെന്നും പോസ്റ്ററില്‍ പറയുന്നു.

ഷൊർണൂരിലേക്കു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ച ഏക സ്ഥാനാർത്ഥി പി.കെ ശശി എംഎൽഎയുടെ പേരു വെട്ടിയതിൽ അമർഷം അതിശക്തമാണ്. പൊന്നാനിയിൽ സ്പീക്കർ ശ്രീരാമകൃഷ്ണനും സീറ്റ് നിഷേധിച്ചതിൽ പൊന്നാനിയിൽ പോസ്റ്റർ ഉയർന്നത് എകെജി സെന്‍ററിനേയും ഞെട്ടിച്ചു. തരൂർ മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് കെ. ശാന്തകുമാരിയുടെ പേരാണു തുടക്കത്തിൽ കേട്ടതെങ്കിലും അത് ചർച്ച ചെയ്യുന്നതിനു മുൻപേ മന്ത്രി എ.കെ ബാലന്‍റെ ഭാര്യ ഡോ. പി.കെ. ജമീലയെ സംസ്ഥാന നേതൃത്വം പരിഗണിച്ചു. ഇതിനൊപ്പം വി എസ് വിജയരാഘവന്‍റെ ഭാര്യയ്ക്കും സീറ്റ് നൽകാൻ തീരുമാനിച്ചു. ഇതെല്ലാം സിപിഎമ്മിൽ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. മന്ത്രി എ.കെ ബാലനെ കടന്നാക്രമിച്ച് പാലക്കാട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാർ തിരിച്ചടിക്കുമെന്നാണ് പോസ്റ്ററില്‍ പറയുന്നു. ജനാധിപത്യത്തെ കുടുംബ സ്വത്താക്കാനുള്ള അധികാര മോഹികളെ തിരിച്ചറിയണമെന്നും അധികാരമില്ലെങ്കിൽ ജീവിക്കാനാവില്ലെന്ന ചില നേതാക്കളുടെ അടിച്ചേൽപ്പിക്കൽ തുടർ ഭരണം ഇല്ലാതാക്കുമെന്നും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അരുവിക്കരയിലെ സ്ഥാനാർത്ഥിത്വത്തിനെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും വീണ്ടും അവസരം നൽകണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്‍റെ ആവശ്യവും തള്ളി. ഇതോടെ അണികളുടെ വികാരം പിണറായിക്ക് എതിരായി. സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റ് എൻ ധീരജ് കുമാർ സ്ഥാനം രാജിവെച്ചു. പിന്നാലെ ധീരജിനെ പാർട്ടി പുറത്താക്കി. ഇതോടെ ജയരാജന് വേണ്ടി പിജെ ആർമിയും ആക്രമണം കടുപ്പിച്ചു. പിബി അംഗങ്ങളായ പിണറായി വിജയൻ, എസ്. രാമചന്ദ്രൻപിള്ള, കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി എന്നിവരുടെ പാനലാണ് സ്ഥാനാർത്ഥിത്വ പട്ടിക പരിശോധിച്ചത്. മുഹമ്മദ് റിയാസിന് സുരക്ഷിത മണ്ഡലം നേടിയെടുത്തിട്ടാണ് പിണറായി മറ്റുള്ളവരെ വെട്ടിനിരത്തുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

സിപിഎം മത്സരിച്ചിരുന്ന കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസ് (എം) ന് നൽകിയതിനെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. റാന്നി സീറ്റ് കേരളാ കോൺഗ്രസിന് വിട്ട് നൽകിയതിലും അതൃപ്തി പുകയുന്നുണ്ട്. റാന്നി കേരളാ കോൺഗ്രസ് (എം) ന് വിലയ്ക്ക് നൽകി എന്നാണ് പാർട്ടി പ്രവർത്തകരുടെ ആരോപണം. തഴയപ്പെട്ട പ്രമുഖർക്കായെല്ലാം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നതും പാർട്ടിക്കുള്ളിലെ കലഹവും  നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുകയാണ്.