പോപ്പുലർ ഫ്രണ്ടിന് രഹസ്യവിഭാഗം; ഇതര മതസ്ഥരുടെ ഹിറ്റ് ലിസ്റ്റുണ്ടാക്കി: വെളിപ്പെടുത്തലുമായി എന്‍ഐഎ

Tuesday, December 20, 2022

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യവിഭാഗമുള്ളതായി എൻഐഎ ഹൈക്കോടതിയിൽ. അറസ്റ്റിലായ പിഎഫ്ഐ സംസ്ഥാന നേതാക്കളുടെ റിമാന്‍ഡ് കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. സംസ്ഥാന വ്യാപകമായി നെറ്റ്​വര്‍ക്ക് ഉണ്ടായിരുന്ന പിഎഫ്ഐ രഹസ്യ വിഭാഗം ഇതരസമുദായക്കാരുടെ ഹിറ്റ് ലിസ്റ്റ് തയാറാക്കിയെന്നും എൻഐഎ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. പ്രതികളുടെ റിമാന്‍ഡ് കാലാവധി കോടതി 90 ദിവസത്തേക്ക് കൂടി നീട്ടി.

സംഘടനാ ഓഫീസുകള്‍ കേന്ദ്രീകരിച്ചായിരുന്നു രഹസ്യവിഭാഗത്തിന്‍റെ പ്രവര്‍ത്തനം. സംസ്ഥാന വ്യാപകമായി നെറ്റ്​വര്‍ക്ക് ഉണ്ടായിരുന്ന ഇവരുടെ ചുമതലയായിരുന്നു വിവരശേഖരണവും പട്ടിക തയാറാക്കലും. നേതാക്കളുടെ ഐഎസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും എൻ‌ഐഎ കോടതിയിൽ അറിയിച്ചു. എൻഫോഴ്സ്മെന്‍റും എൻഐഎയും സംയുക്തമായി 2022 സെപ്റ്റംബറിലാണ് പിഎഫ്ഐ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തത്. കേന്ദ്ര സേനയുടെ സഹായത്തോടെയായിരുന്നു റെയ്ഡ്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ചെന്നും ആയുധ പരിശീലനം നടത്തിയെന്നും ചൂണ്ടിക്കാണിച്ചായിരുന്നു റെയ്ഡും അറസ്റ്റും. തുടർന്ന് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ട് സെപ്റ്റംബർ 28 ന് കേന്ദ്രം ഉത്തരവിറക്കുകയായിരുന്നു.