പോപ്പുലർ ഫ്രണ്ട് ഹർത്താല്‍: ജപ്തി നടപടികള്‍ ഉടന്‍ പൂർത്തിയാക്കണം; സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം

Jaihind Webdesk
Wednesday, January 18, 2023

Kerala-High-Court

 

കൊച്ചി:  പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുവകകള്‍ ജപ്തി ചെയ്യുന്ന വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു. ജപ്തി നടപടികൾക്ക് നോട്ടീസ് നൽകേണ്ടതില്ലെന്നും നടപടികൾ പൂർത്തിയാക്കി ഈ മാസം 23നകം റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടു.

മിന്നൽ ഹർത്താലിൽ ആക്രമണങ്ങളിൽ പൊതുമുതലുകൾ നശിപ്പിച്ചെന്ന പരാതികളിൽ നിരോധിത സംഘടന പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തു വകകൾ ജപ്തി ചെയ്യുന്ന വിഷയത്തിലാണ് സർക്കാരിന് ഹൈക്കോടതി  അന്ത്യശാസനം നല്‍കിയത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് സർക്കാർ നടപടികൾ‌ വൈകുന്നതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.

ജപ്തി നടപടികൾ ജനുവരി 15ന് മുമ്പ് പൂർത്തിയാക്കുമെന്നായിരുന്നു സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു  കോടതി നിർദേശാനുസരണം നേരിട്ട് ഹാജരായി ജപ്തി നടപടികള്‍ വൈകിയതില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.