റീപോളിംഗ് : കിഴക്കേ കടുങ്ങല്ലൂരിൽ പോളിങ്ങ് ശതമാനം ഉയർന്നു; വോട്ട് ചെയ്തത് 80.7 ശതമാനം

Jaihind Webdesk
Wednesday, May 1, 2019

എറണാകുളം ലോക്സഭ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരിൽ റീപോളിംഗിൽ പോളിങ്ങ് ശതമാനം ഉയർന്നു. ആദ്യം വോട്ട് ചെയ്തതിനേക്കാൾ 21 പേർ കൂടി ഇത്തവണ വോട്ട് രേഖപ്പെടുത്തി. 80.7 ശതമാനം പേരാണ് ഇത്തവണ വോട്ട് ചെയ്തത്.

അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തിലാണ് റീപോളിംഗ് നടന്നത്. കഴിഞ്ഞ തവണത്തെക്കാൾ ഉയർന്ന പോളിങ്ങാണ് ഇത്തവണ ബൂത്തിൽ ഉണ്ടാത്. 80.70 % മാണ് പോളിംഗ്.  925 വോട്ടർമാരുള്ള ബൂത്തിൽ 736 പേർ ഇന്ന് വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ ആകെ 715 പേരാണ് വോട്ട് ചെയ്തത്. 21 വോട്ടുകളുടെ വർദ്ധനയാണ് ഉണ്ടായത്. 362 പുരുഷ വോട്ടർമാരും 374 സ്ത്രീകളും റീ പോളിംഗിൽ സമ്മതിദായക അവകാശം വിനിയോഗിച്ചു.

ബൂത്തിൽ പോൾ ചെയ്തതിതിനേക്കാൾ അധികം വോട്ട് ഇവിഎമ്മിൽ രേഖപ്പെടുത്തിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇവിടെ റീപോളിംഗിന് ഉത്തരവിട്ടത്.മോക്ക് പോളിംഗിൽ രേഖപ്പെടുത്തിയ വോട്ടുകൾ പോളിംഗ് തുടങ്ങും മുമ്പ് നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ വിട്ടു പോയതോടെയാണ് ഇവിഎമ്മിൽ അധിക വോട്ട് കണ്ടെത്തിയത്.

തുടർന്ന് റീപോളിംഗ് നടത്തണമെന്ന സ്ഥാനാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് വീണ്ടും വോട്ടെടുപ്പ് നടന്നത്. ആലുവ തഹസിൽദാറായിരുന്നു ഇത്തവണ പ്രിസൈഡിംഗ് ഓഫീസർ. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിഴവ് റിപോളിംഗിലേക്ക് നയിച്ച സാഹചര്യത്തിൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് വോട്ടെടുപ്പിന്‍റെ ചുമതല നൽകുകയായിരുന്നു.