പുനലൂരിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവം : വർക് ഷോപ്പിന് ലൈസൻസ് നൽകരുതെന്നാവശ്യപ്പെട്ട് പഞ്ചായത്തിന് ഭൂവുടമയുടെ കത്ത്

പുനലൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി സംരംഭകൻ സുഗതന്‍റെ വർക് ഷോപ്പിന് ലൈസൻസ് നൽകരുതെന്നാവശ്യപ്പെട്ട് പഞ്ചായത്തിന് ഭൂവുടമയുടെ കത്ത്. വർക്ക്‌ഷോപ്പിന് എതിര് നില്‍ക്കുന്ന പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്‍റെ സമ്മർദ്ദമാണ് കത്തിന് പിന്നിലെന്നാണ് സൂചന.

പുനലൂരിൽ വർക്ക്‌ഷോപ്പ് തുടങ്ങാനാകാതെ ആത്മഹത്യ ചെയ്ത പ്രവാസി സംരംഭകൻ സുഗതന്‍റെ മക്കൾ തുടങ്ങിയ വർക്ക്‌ഷോപ്പിന് ലൈസൻസ് നൽകാത്ത പഞ്ചായത്തിന്‍റെ നടപടി വിവാദമായി നിൽക്കുന്ന പശ്ചാത്തലത്തിലാണ് വസ്തു ഉടമയുടെ പുതിയ നീക്കം. തനിക്ക് കൂടി അവകാശമുള്ള ഭുമിയിൽ വർക് ഷോപ്പിന് ലൈസൻസ് നൽകരുതെന്നാണ് ഭൂവുടമകളിലൊരാളായ ഷിബു കുര്യൻ പഞ്ചായത്തിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തന്‍റെ പിതാവും സഹോദരനും തന്‍റെ അറിവോ, സമ്മതമോ ഇല്ലാതെയാണ് വസ്തു പാട്ടത്തിന് നൽകിയതെന്നും, അച്ഛന്‍റെ മരണശേഷം തനിക്ക് വസ്തുവിൽ അവകാശമുണ്ടെന്നും കത്തിൽ പറയുന്നു. ലൈസൻസിന് പുറമേ വസ്തുവിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായി നിർത്തിവയ്ക്കാനും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, വർക് ഷോപ്പിന് എതിര് നിൽക്കുന്ന പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്‍റെ ശക്തമായ ഇടപെടൽ കത്തിന് പിന്നിലുണ്ടെന്നാണ് സൂചന.

വർക് ഷോപ്പിന് വസ്തു നൽകിയതുമായി ബന്ധപ്പെട്ട് വസ്തു ഉടമകൾക്ക് ഭീഷണി ഉള്ളതായ നേരത്തെ പരാതി ഉയർന്നിരുന്നു. സുഗതന്‍റെ കുടുംബത്തിനു നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ്സ് ശക്തമായ പ്രക്ഷോഭം ആരംഭിച്ചതോടെ ലൈസൻസ് നല്‍കുവാൻ പഞ്ചയത്ത് നിർബന്ധിതമായിരിക്കുകയാണ്. ഇതിനെ തടയിടുവാനുള്ള ഗുഢനീക്കമാണ് കത്തിനു പിന്നിലെന്നാരോപണം ശക്തമാവുകയാണ്. പ്രവാസി ആത്മഹത്യകൾ വിവാദമുയർത്തുമ്പോഴും സുഗതന്‍റെ കുടുംബത്തെ വിടാതെ വേട്ടയാടുകയാണ് ഇടതു രാഷ്ട്രീയപ്രസ്ഥാനങ്ങൾ.

https://www.youtube.com/watch?v=nU27PYTYYLQ&feature=youtu.be

SugathanPunalur expatriate Suicide
Comments (0)
Add Comment