ശബരിമല വിഷയം; ബി.ജെ.പിയുടെ രാഷ്ട്രീയ ഗൂഢാലോചന പുറത്ത്

Jaihind Webdesk
Monday, November 5, 2018

ശബരിമല വിഷയം ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുന്നതിന്‍റെ ഗൂഢാലോചന പുറത്ത്. സ്ത്രീകൾ സന്നിധാനത്തിന് അടുത്തെത്തിയപ്പോൾ ശബരിമല നട അടയ്ക്കാന്‍ തന്ത്രി തീരുമാനമെടുത്തത് താനുമായി ആലോചിച്ച ശേഷമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. ഇതുസബന്ധിച്ച് ശ്രീധരൻപിള്ളയുടെ പ്രസംഗം പുറത്ത്. ഒറ്റയ്ക്ക് ആകില്ലെന്ന് പി.എസ് ശ്രീധരൻപിള്ള തന്ത്രിക്ക് ഉറപ്പ് നൽകി. യുവമോർച്ചയുടെ യോഗത്തിലെ പ്രസംഗമാണ് ഇപ്പോള്‍ പുറത്തായത്. മാധ്യമങ്ങളെ ഒഴിവാക്കി നടത്തിയ പ്രസംഗത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ ഇവയാണ്.

“സ്ത്രീകൾ സന്നിധാനത്തിനടുത്തെത്തിയപ്പോൾ തന്ത്രി വിളിച്ചിരുന്നു. നടയടച്ചാൽ കോടതയിലക്ഷ്യമാകില്ലേ എന്ന് തന്ത്രി ചോദിച്ചപ്പോൾ, ഒറ്റയ്ക്കാകില്ലെന്നും, പതിനായിരങ്ങൾ കൂടെയുണ്ടാകുമെന്നും തന്ത്രിയോട് പറഞ്ഞു. തിരുമേനി , തിരുമേനി ഒറ്റയ്ക്കല്ല. ഇത് കണ്ടംപ്റ്റ് ഓഫ് കോർട്ട് നിൽക്കില്ല. കണ്ടംപ്റ്റ് ഓഫ് കോർട്ട് കേസെടുക്കണമെങ്കിൽ ആദ്യം ഞങ്ങളുടെ പേരിലായിരിക്കും എടുക്കുക. പതിനായിര കണക്കിന് ആളുകളുണ്ടാവും കൂട്ടത്തിൽ. തിരുമേനി ഒറ്റയ്ക്കല്ലാന്ന് പറഞ്ഞപ്പോൾ, രാജീവരര്, എനിക്ക് സാറ് പറഞ്ഞ ആ ഒറ്റ  വാക്ക് മതി എന്ന് പറഞ്ഞുകൊണ്ട് വ്യക്തമായ തീരുമാനം അന്നെടുക്കുകയുണ്ടായി. ആ തീരുമാനമാണ് വാസ്തവത്തിൽ പൊലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയത്. ഇനി അദ്ദേഹം അതുപോലെ തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും കണ്ടംപ്റ്റ് ഓഫ് കോർട്ട് വന്നപ്പോൾ ഞാൻ ഒന്നാം പ്രതിയും അദ്ദേഹം രണ്ടാം പ്രതിയുമായാണ് വന്നത്. മാർക്‌സിസ്റ്റുകാര് സുപ്രീം കോടതിയിൽ കണ്ടംപ്റ്റ് ഓഫ് കോർട്ട് നടത്തിയെന്നുള്ളതുകൊണ്ട് എന്‍റെ ഭാഗത്ത്, ഞാൻ വെറുതെ പറഞ്ഞതാണെങ്കിലും, വെറുതെയല്ല ആത്മാർഥതയോടെ പറഞ്ഞതാണ്… എന്നെ കണ്ടംപറ്റ് ഓഫ് കോർട്ടിൽ കുടുക്കുമെന്ന് സ്വപ്‌നം പോലും ഉണ്ടായിരുന്നില്ല. പക്ഷേ ഭഗവാന്‍റെ നിശ്ചയം. ഞാനും അദ്ദേഹവും ഒന്നിച്ച് കണ്ടംപ്റ്റ് ഓഫ് കോർട്ടിൽ പ്രതികളാവുമ്പോൾ അദ്ദേഹത്തിന് ഒന്നുകൂടി ആത്മവിശ്വാസം ഒന്നുകൂടി ഉയർന്നിരിക്കുന്നുവെന്നുള്ളതാണ് വസ്തുത. ശബരിമല ബി.ജെ.പിക്ക് ഒരു സുവർണാവസരമാണ്. നിലവില്‍ ശബരിമല ഒരു സമസ്യയാണ്. അത് എങ്ങനെ പൂരിപ്പിക്കാന്‍ സാധിക്കുമെന്നത് സംബന്ധിച്ച് വര വരച്ച് അതിലൂടെ കൊണ്ടുപോകാനാവില്ല. നമ്മുടെ കയ്യിലല്ല കാര്യങ്ങളുള്ളത്. നമ്മള്‍ ഒരു അജണ്ട മുന്നോട്ടുവെച്ചു. ആ അജണ്ടയ്ക്ക് പിന്നില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞുകൊണ്ട് രംഗം കാലിയാക്കുമ്പോള്‍ അവശേഷിക്കുന്നത് നമ്മളും നമ്മുടെ എതിരാളികളായ രാഷ്ട്രീയ പാര്‍ട്ടികളുമാണ്. ശബരിമലയിലെ സമരം ആലോചിച്ച് നടപ്പാക്കിയത് ബി.ജെ.പിയാണ്. ബി.ജെ.പി നിര്‍ദേശിച്ച സ്ഥലങ്ങളില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാര്‍ കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്.”

ഞായാറാഴ്ച കോഴിക്കോട് നടന്ന യുവമോർച്ചാ സംസ്ഥാന കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ബി.ജെ.പി അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള നടത്തിയ പ്രസംഗമാണ് പുറത്ത് വന്നിരിക്കുന്നത്.