മാനവീയത്ത് പോലീസിനു നേരെ കല്ലേറ്: ഇനി ‘നൈറ്റ് ലൈഫ്’ 12 വരെ മാത്രം; നിയന്ത്രണം കടുപ്പിക്കുന്നു

Jaihind Webdesk
Wednesday, November 8, 2023

 

തിരുവനന്തപുരം: നൈറ്റ് ലൈഫിനായി തുറന്നുകൊടുത്ത മാനവീയം വീഥിയില്‍ നിയന്ത്രണം കടുപ്പിക്കുന്നു. ഇനിമുതല്‍ വാദ്യോപകരണങ്ങളും ഉച്ചഭാഷിണിയും രാത്രി 10 മണി വരെ മാത്രം ഉപയോഗിക്കണമെന്നും 12 മണി കഴിഞ്ഞാല്‍ മാനവീയം വീഥി വിടണമെന്നും നിര്‍ദ്ദേശിക്കും. തുടര്‍ച്ചയായി ഉണ്ടാകുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കടുപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. രണ്ടു ദിവസം മുമ്പ് ഇവിടെ യുവാക്കള്‍ തമ്മില്‍ നടന്ന സംഘട്ടനത്തില്‍ പൂന്തുറ സ്വദേശിക്ക് പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം രാത്രിയും സംഘർഷം ഉണ്ടായി. പോലീസിന് നേരെയും കല്ലേറുണ്ടായി. സംഘർഷങ്ങള്‍ തുടർക്കഥയായതോടെയാണ് മാനവീയം വീഥിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

ഇന്നലെ രാത്രി 12 മണിയോടുകൂടിയായിരുന്നു തിരുവനന്തപുരത്തെ ആദ്യ നൈറ്റ് ലൈഫിന് തുറന്നു കൊടുത്ത മാനവീയം വീഥിയിൽ വീണ്ടും സംഘർഷം ഉണ്ടായത്. കഴിഞ്ഞദിവസം മാനവീയം വിധിയിൽ നടന്ന സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ നിരവധി നിബന്ധനകളും നിർദ്ദേശങ്ങളും പോലീസ് വെച്ചിരുന്നു. രാത്രി 12 മണിക്ക് പോലീസ് ഉച്ചഭാഷിണി നിർത്തിവെച്ചതോടെയാണ് സംഘർഷത്തിനു തുടക്കമായത്. ഇതിന് പിന്നാലെ ഡാൻസ് കളിച്ച മദ്യപസംഘം കസേരകൾ തല്ലി തകർക്കുകയായിരുന്നു. ഇതിന് ശേഷമാണ് പോലീസിന് നേരെ കല്ലെറിഞ്ഞത്. കല്ലേറിനിടെ നെട്ടയം സ്വദേശിയായ രാജിക്ക് പരിക്കേൽക്കുകയായിരുന്നു.

കല്ലെറിഞ്ഞ ജയപ്രസാദ് ഉൾപ്പെടെയുള്ള നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസവും മാനവീയം വീഥിയിൽ കൂട്ടയടി നടന്നിരുന്നു. സംഘർഷത്തെ തുടർന്ന് നൈറ്റ് ലൈഫിൽ പരിശോ​ധന കടുപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു പോലീസ്. റോഡിന്‍റെ രണ്ട് വശത്തും ബാരിക്കേഡ് സ്ഥാപിക്കുമെന്നും ഡ്രഗ് കിറ്റ് കൊണ്ടുഉള പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു. സംഘർഷമുണ്ടായാൽ പരാതിയില്ലെങ്കിലും കേസെടുക്കുമെന്നും മാനവീയം വീഥിയിൽ കൂടുതൽ സിസി ടിവികൾ സ്ഥാപിക്കുമെന്നും പോലീസ് അറിയിച്ചിരുന്നു.