രാഖി വധക്കേസിലെ മുഖ്യപ്രതി അഖില്‍ പിടിയില്‍

Saturday, July 27, 2019

തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസിലെ മുഖ്യ പ്രതി അഖിൽ തിരുവനന്തപുരത്ത് പിടിയിലായി. രാത്രിയോടെ വിമാനത്താവളത്തില്‍ വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നു എന്ന വിവരത്തെ തുടര്‍ന്ന് പോലീസ് വിമാനത്താവളത്തില്‍ എത്തുകയായിരുന്നു.

പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനു വിധേയനാക്കും. നേരത്തെ പോലീസ് പിടിയിലായ അഖിലിന്‍റെ സഹോദരന്‍ രാഹുൽ പോലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. മലയിന്‍കീഴിലെ ഒളിസങ്കേതത്തില്‍ നിന്നാണ് പോലീസ് രാഹുലിനെ പിടികൂടിയത്.

പോലീസ് പിടിയിലായ അഖില്‍, സഹോദരന്‍ രാഹുല്‍

രാഖിയെ കൊലപ്പെടുത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നെന്ന് രാഹുൽ പൊലീസിനോടു വെളിപ്പെടുത്തി. സഹോദരന്‍റെ വിവാഹത്തിന് തടസമാകുമെന്ന് കണ്ടാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കൊലപാതകത്തിനുപയോഗിച്ച കാർ തമിഴ്നാട്ടിലെ തൃപ്പരപ്പില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. രാഹുലിനെ തൃപ്പരപ്പിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ഇതിനുപിന്നാലെയാണ് കേസിലെ മുഖ്യപ്രതി അഖിലിനെ പൊലീസ് പിടികൂടിയത്.