വാഗമണിലെ വിവാദ നിശാപാര്‍ട്ടിയില്‍ ബിനീഷ് കോടിയേരിയുടെ സുഹൃത്തും

വാഗമണില്‍ കഴിഞ്ഞ ദിവസം മാരക ലഹരി വസ്തുക്കൾ പിടികൂടിയ നിശാപാര്‍ട്ടിയില്‍ മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയുടെ സുഹൃത്ത് പങ്കെടുത്തതായി സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ അനസ് സൂക്കാണ് നിശാപാര്‍ട്ടിയില്‍ പങ്കെടുത്തത്. അനസിന്‍റെ സാന്നിധ്യം അന്വേഷണ സംഘമാണ് സ്ഥിരീകരിച്ചത്.

കണ്ണൂർ സ്വദേശിയായ അനസ് സൂക്ക് ബിനീഷ് കോടിയേരിയുടെ അടുത്ത സുഹൃത്താണ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷിന്‍റെ ബിനാമിയെന്ന സംശയത്തില്‍ അനസ് സൂക്കിനെ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് നേരത്തേ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നിശാപാര്‍ട്ടിയില്‍ ഇയാള്‍ പങ്കെടുത്തത്. അതേസമയം വാഗമണ്ണിലെ റിസോർട്ടിൽ നടന്ന നിശാപാർട്ടിയിൽ വീര്യം കൂടിയ എൽ.എസ്.ഡി, സ്റ്റാമ്പ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ എത്തിയത് ബംഗലൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നാണെന്ന് പൊലീസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. നിലവിൽ ബംഗലൂരുവിൽ ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയും മറ്റൊരു സുഹൃത്തായ അനൂപ് മുഹമ്മദും ജയിലിൽ കഴിയുകയാണ്. ഇതേ സമയത്ത് തന്നെ ബിനീഷിന്‍റെ വിശ്വസ്തൻ മുഹമ്മദ് സൂക്ക് അടക്കമുള്ളവർ പങ്കെടുത്ത നിശാപാർട്ടിയിൽ ബംഗലൂരുവിൽ നിന്നും ലഹരിമരുന്നുകൾ എത്തിച്ചു എന്നതും സംശയകരമാണ്.

കണ്ണൂർ സ്വദേശിയായ മുഹമ്മദ് സൂക്ക് എങ്ങനെ വാഗമണ്ണിൽ നടന്ന പാർട്ടിയിൽ എത്തി എന്നതും സംശയത്തിന് ഇട നൽകുന്നതാണ്. മുഹമ്മദ് സൂക്ക് ഉൾപ്പെടെയുള്ളവരാണോ ലഹരി വസ്തുക്കൾ റിസോർട്ടിൽ എത്തിച്ചത് എന്നതിനെ കുറിച്ച് വിശദമായി അന്വേഷണം നടത്തും എന്നാണ് സൂചന. ബിനീഷ് കോടിയേരിയുടെ ബിനാമി ആണ് മുഹമ്മദ് സൂക്ക് എന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ജയിലിൽ കിടക്കുമ്പോൾ തന്നെ ബിനീഷിന്‍റെ ബിനാമി എന്നറിയപ്പെടുന്ന സുഹൃത്ത് മുഹമ്മദ് സൂക്ക് ലഹരി പാർട്ടിക്കെത്തിയതാണ് ഇവരുടെ ലഹരി മാഫിയ ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്നത്. വരും ദിവസങ്ങിൽ അന്വേഷണ സംഘം ഇതേ കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നാണ് സൂചന.

Comments (0)
Add Comment