കളമശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ പോലീസ് തേർവാഴ്ച: പ്രവർത്തകരുടെ തലയടിച്ച് പൊട്ടിച്ചു; ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് നേരെയും പോലീസ് കയ്യേറ്റം | VIDEO

Jaihind Webdesk
Tuesday, February 21, 2023

കൊച്ചി: സംസ്ഥാന സർക്കാറിന്‍റെ കൊള്ളയ്ക്ക് മറപിടിക്കുന്ന പോലീസ് നരനായാട്ടിനെതിരെ കളമശേരി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിന് നേരെ പോലീസ് തേർവാഴ്ച. ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റു. അറസ്റ്റിലായ പ്രവർത്തകരെ കാണാനെത്തിയ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് നേരെ പോലീസ് കയ്യേറ്റത്തിന് മുതിർന്നത് വീണ്ടും സംഘർഷത്തിനിടയാക്കി.

സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചും സമരം ചെയ്യുന്ന പെൺകുട്ടികളെ തെരുവിൽ തല്ലുന്ന പുരുഷ പോലീസ് അക്രമത്തിനുമെതിരെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്. മാർച്ച് കളമശേരി പോലീസ് സ്റ്റേഷന് സമീപം പോലീസ് തടഞ്ഞു. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. സർക്കാറിന്‍റെ കൊള്ളയ്ക്കെതിരായ സമരത്തിൽ നിന്നും യൂത്ത് കോൺഗ്രസ് ഒരടി പിന്നോട്ടു പോകില്ലെന്നും ആകാശ് തില്ലങ്കേരിയെ പോലുള്ള ഗുണ്ടകളെ പാലൂട്ടി വളർത്തിയത് സിപിഎം നേതാക്കളാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ പോലീസ് ആദ്യം പ്രവർത്തകർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു. നിരവധി തവണ ജല പീരങ്കി പ്രയാഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. ഇതോടെ പോലീസ് ലാത്തിച്ചാർജ് നടത്തി. പല പ്രവർത്തകരുടെയും തലയ്ക്കാണ് പോലീസ് മർദ്ദിച്ചത്. തല പൊട്ടി ചോര വന്നിട്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റാൻ പോലീസ് തയാറായില്ല. തുടർന്ന് പ്രവർത്തകർ തന്നെയാണ് പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചത്. എന്നിട്ടും പ്രവർത്തകർ പിന്തിരിയാൻ തയാറാകാത്തതിനെ തുടർന്ന് നേതാക്കൾ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ടിറ്റോ ആന്‍റണി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

 

https://www.youtube.com/shorts/s1dycaNAfjE

 

https://www.facebook.com/reel/958523638644308