‘ആംബുലന്‍സ് സൈറണ്‍’ മുഴക്കി മരണപ്പാച്ചില്‍, കണ്ണ് തുളയ്ക്കുന്ന ലൈറ്റുകള്‍ ; ഇ ബുള്‍ ജെറ്റിനെതിരെ കൂടുതല്‍ നടപടിക്കൊരുങ്ങി പൊലീസ്

കണ്ണൂർ : ആർ.ടി ഓഫീസില്‍ അതിക്രമം കാട്ടിയതിന്‍റെ പേരില്‍ അറസ്റ്റിലായ ‘ഇ ബുള്‍ ജെറ്റ്’ സഹോദരന്മാർ നേരത്തെയും റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന്‍റെ തെളിവുകള്‍ പുറത്ത്. റോഡിലൂടെ വേഗത്തിലുള്ള യാത്രയ്ക്കായി ആംബുലന്‍സിന്റെ സൈറണ്‍ വരെ ഇവര്‍ ഉപയോഗിച്ചിരിക്കുന്നുവെന്ന അതീവ ഗുരുതരമായ കുറ്റമാണ് ഗതാഗത വകുപ്പ് കണ്ടെത്തിയുള്ളത്. ഇത്തരത്തില്‍ കൂടുതല്‍ നിയമലംഘനം നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ ശേഖരിച്ച് നടപടിക്ക് ഒരുങ്ങുകയാണ് പൊലീസും ഗതാഗത വകുപ്പും.

ആംബുലന്‍സ് സൈറണ്‍ ദുരുപയോഗം ചെയ്തുള്ള യാത്രയുടെ വീഡിയോ എവിടെ നിന്നുള്ളതാണെന്ന്‌ പരിശോധിച്ചു വരികയാണ്. പ്രാഥമിക പരിശോധനയില്‍ ഇത് കേരളത്തിന് പുറത്താണെന്നാണ് വ്യക്തമായിട്ടുണ്ട്. അങ്ങനെയെങ്കില്‍ ബന്ധപ്പെട്ട സംസ്ഥാനത്തെ ഇക്കാര്യം നേരിട്ട് അറിയിക്കാനുള്ള ശ്രമത്തിലാണ് കണ്ണൂരിലെ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം. ടോള്‍ ബൂത്തുകളിലും ഇവര്‍ സൈറണ്‍ മുഴക്കി വാഹനം ഓടിച്ചതായി കണ്ടെത്തി. രാജ്യത്തെ മറ്റുപലയിടങ്ങളിലും ഇവര്‍ ഇത്തരത്തില്‍ നിയമലംഘനം നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

വാഹനം രൂപമാറ്റം വരുത്തിയതിന് ഇതിനുമുമ്പും ഇവര്‍ക്കെതിരേ കേസെടുത്തിരുന്നു. രൂപമാറ്റം വരുത്തി കാരവനില്‍ ഉള്‍പ്പെടുത്തിയ ലൈറ്റുകള്‍ രാത്രികാലങ്ങളില്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് തടസമാണെന്നും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തില്‍ വളര്‍ത്തുനായയെ കൊണ്ടുനടന്ന് ട്രാവലോഗുകള്‍ നടത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കും. നിയമലംഘനങ്ങള്‍ സംബന്ധിച്ച് വ്യക്തതയ്ക്കായി വാഹനം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കാനും ആര്‍ടിഒ ആലോചിക്കുന്നുണ്ട്.

 

Comments (0)
Add Comment