ബെംഗളുരു : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കർണാടകയിലെ കോലാറില്‍ വീണ്ടും രാഹുൽ ഗാന്ധി. അയോഗ്യനാക്കിയതിന് ശേഷം കോലാറിലെത്തിയ രാഹുൽ ബിജെപിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. കോണ്‍ഗ്രസ് പാവങ്ങള്‍ക്കായാണ് പ്രവര്‍ത്തിക്കുന്നത്, ദരിദ്രർക്കും യുവാക്കൾക്കും മഹിളകൾക്കും ഒപ്പം നില്‍ക്കുന്നു. എന്നാല്‍ പ്രധാന മന്ത്രി അദാനിക്ക് പണം നല്‍കുന്നു. പ്രധാനമന്ത്രി ഏത് രാജ്യത്ത് പോയാലും അദാനിക്ക് അവിടെ പുതിയ കരാറുകള്‍ കിട്ടുമെന്നും. വിമാനത്താവളങ്ങളുടെ നടത്തിപ്പിന് പ്രവര്‍ത്തി പരിചയം വേണമെന്ന് നിയമമുണ്ട്. ആ പരിചയം അദാനിക്കുണ്ടോയെന്നും രാഹുൽ ഗാന്ധി ചോദിച്ചു. തന്നെ അയോഗ്യനാക്കിയാലും ജയിലിലടച്ചാലും ചോദ്യങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് പറഞ്ഞു കൊണ്ടാണ് രാഹുല്‍ തന്‍റെ പ്രസംഗം ആരംഭിച്ചത്. ഒപ്പം തന്നെ നാലു പദ്ധതികളും കര്‍ണാടക ജനങ്ങള്‍ക്കായി വാഗാദാനം ചെയ്തു.ഗൃഹജ്യോതി, ഗൃഹലക്ഷ്മി, അന്നഭാനി, യുവനിധി എന്നീ പദ്ധതികൾ കോൺഗ്രസ് അധികാരത്തിലെത്തിയാൽ നടപ്പാക്കുമെന്നാണ് രാഹുലിന്‍റെ പ്രഖ്യാപനം. ഗൃഹജ്യോതി സമ്പൂർണ വൈദ്യുതി വൽക്കരണവും ഗൃഹലക്ഷ്മി വീട്ടമ്മമാരുടെ ക്ഷേമം മുൻനിർത്തിയുള്ളതുമാണ്. അന്നഭാനി ദരിദ്ര ജനവിഭാഗങ്ങൾക്ക് അരി എത്തിക്കുന്നതുമായി ബന്ധപ്പെട്ടതും യുവനിധി തൊഴിലില്ലാത്ത ബിരുദധാരികൾക്ക് 3000 രൂപ പ്രതിമാസം നൽകുന്ന പദ്ധതിയുമാണ്. കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ പാവപ്പെട്ടവർക്കായി എന്തു ചെയ്യും എന്ന ചോദ്യം കുറച്ച് ദിവസമായി കേൾക്കുന്നുണ്ട്. ഹിമാചൽ അടക്കം നിരവധി സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നു. എന്തെല്ലാം ചെയ്യണം എന്ന് നേതാക്കൾ തന്നോട് ചോദിച്ചു. നടപ്പിലാക്കാവുന്ന വാഗ്ദാനങ്ങൾ നൽകൂ, അത് ആദ്യ മന്ത്രി സഭാ യോഗത്തിൽ തന്നെ നടപ്പാക്കൂ എന്നാണ് താൻ പറഞ്ഞത്. ഇത് തന്നെയാണ് തനിക്ക് കർണാടക നേതാക്കളോടും പറയാനുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം കര്‍ണാടക സര്‍ക്കാരിനെതിരെയും രാഹുല്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. കർണാടകയിലെ ബി.ജെ.പി സർക്കാർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല. 40% കമ്മിഷന്‍ വാങ്ങുകയാണു കര്‍ണാടകയില്‍ ബിജെപി ചെയ്തത്. കര്‍ണാടകയില്‍ ബിജെപി ഭരണത്തില്‍ നടന്നത് കുംഭകോണങ്ങള്‍ മാത്രമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇത്തവണ ജനം ബി.ജെ.പിക്ക് വോട്ട് നൽകില്ല. ബി.ജെ.പി ഏതുവിധേനയും അധികാരത്തിലെത്താൻ ശ്രമിക്കും. പക്ഷെ കോൺഗ്രസ് കർണാടകത്തിൽ ഒറ്റക്കെട്ടായി മുന്നേറുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.