തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരിക്കുമെന്ന് അനിശ്ചിതകാല നിരാഹാരം തുടരുന്ന അന്നാ ഹസാരെ. ലോക്പാല്‍ എന്ന ആവശ്യം ഉന്നയിച്ചാണ് ഹസാരെ സമരം നടത്തുന്നത്. മഹാരാഷ്ട്രയിലെ റലേഗന്‍ സിദ്ധി ഗ്രാമത്തില്‍ ഹസാരെ നടത്തുന്ന അനിശ്ചിതകാല നിരാഹാരം നാലാം ദിവസം പിന്നിട്ടു.
‘നിരവധി സാഹചര്യങ്ങള്‍ കൈകാര്യം ചെയ്ത ആളാണ് ഞാന്‍. എരിതീയില്‍ എണ്ണ പകരുന്ന ഒരാളല്ല ഞാനെന്ന് ജനങ്ങള്‍ക്കറിയാം. അതുകൊണ്ടുതന്നെ എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദി പ്രധാനമന്ത്രിക്കായിരിക്കുമെന്ന് ജനം പറയും’ – ഹസാരെ എ.എന്‍.ഐയോട് പറഞ്ഞു. ജന്‍ ആന്തോളന്‍ സത്യാഗ്രഹയുടെ ഭാഗമായി ജനുവരി 30നായിരുന്നു 81 വയസുള്ള അന്നാ ഹസാരെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. നിരാഹാരം നാലാം ദിവസം പിന്നിട്ടതോടെ അന്നാ ഹസാരെയുടെ ആരോഗ്യനില കൂടുതല്‍ വഷളായി.
ലോക്പാല്‍ നടപ്പിലാക്കിയാല്‍ പ്രധാനമന്ത്രിക്കെതിരെ ഉള്ള പരാതിയായാല്‍ പോലും അത് അന്വേഷണവിധേയമാകും. സംസ്ഥാനങ്ങളില്‍ ലോകായുക്ത സംവിധാനത്തില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ എല്ലാ മന്ത്രിമാരും അന്വേഷണപരിധിയില്‍ വരും. ഇതുതന്നെയാണ് ലോക്പാല്‍ നടപ്പാക്കുന്നതിന് തടസമാകുന്നതെന്നും ഹസാരെ ആരോപിച്ചു.