റഫേൽ ഇടപാട്: ‘മൗനിബാബ’യായി മോദി

Jaihind Webdesk
Saturday, September 22, 2018

റാഫേൽ വിമാനയിടപാടിൽ വസ്തുനിഷ്ഠമായ ആരോപണം ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷനും മറ്റ് നേതാക്കളും രംഗത്തു വന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനിബാബായി. ഇടപാടിലെ അഴിമതിയെക്കുറിച്ച് അക്കമിട്ട് നിരത്തി ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് പ്രധാനമന്ത്രിക്ക് ഉത്തരം മുട്ടിയത്. റഫേൽ ഇടപാടിൽ അനിൽ അംബാനിയെ ഉൾപ്പെടുത്തിയത് ഇന്ത്യ ആവശ്യപ്പെട്ടിട്ടാണെന്ന ഫ്രഞ്ച് മുൻ പ്രസിഡന്റ് ഫ്രാങ്കോ ഒലാന്‍ഡെയുടെ നിർണായക വെളിപ്പെടുത്തലാണ് ബി.ജെ.പിയെയും കേന്ദ്ര സർക്കാരിനെയും പ്രതിരോധത്തിലാക്കിയത്.

ഇതിനിടെ നിയമമന്ത്രി രവിശങ്കർ പ്രസാദ് ആരോപണത്തെ നിഷേധിച്ച് രംഗത്ത് വന്നെങ്കിലും പ്രധാനമന്ത്രി ഇതേപ്പറ്റി മറുപടി പറയാൻ ഇതേവരെ തയാറായിട്ടില്ല. നിയമമന്ത്രിയുടെ വാദങ്ങൾ മുഴുവൻ ഖണ്ഡിച്ച് രംഗത്ത് വന്ന കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്സിംഗ് സുർജേവാല റഫേൽ ആരോപണം സംബന്ധിച്ച ചില രേഖകളും മാധ്യമങ്ങൾക്ക് നൽകി. ഇതോടെ മോദി സർക്കാരിന്റെ വാദങ്ങൾ തീർത്തും ദുർബലമായി. രണ്ടാം യു.പി.എ കാലത്ത് നിലവിൽ വന്ന കരാറിനെ കോർപറേറ്റ് താൽപര്യങ്ങൾ മുൻനിർത്തി പൊളിച്ചെഴുതിയ ബി.ജെ.പി സർക്കാർ വമ്പൻ അഴിമതിക്കാണ് കളമൊരുക്കിയത്.

ഒലാന്‍ഡെയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിക്കേണ്ടി വരുമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. മോദി സർക്കാരിന്റെ അവസാന വർഷത്തിൽ ഉയർന്നുവരുന്ന ആരോപണങ്ങൾ സർക്കാരിന്റെ പ്രതിഛായയെ കാര്യമായി ബാധിച്ചിട്ടുണ്ട്. റഫേൽ ഇടപാടിന് പുറമേ, ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിടുന്നതിന് മുമ്പ് വിജയ് മല്യ ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുമായി ചർച്ച നടത്തിയെന്ന ആരോപണത്തിലും കൃത്യമായി വിശദീകരണം നൽകാൻ ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനും കഴിഞ്ഞിട്ടില്ല.